മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. 2022 ൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രങ്ങൾ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ഈ വർഷം ആസിഫിന്റേതായ അനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമാതാരം എന്നതിലുപരി കുടുംബവുമായി ധാരാളം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഫാമിലി മാൻ കൂടിയാണ് ആസിഫ്. തൊടുപുഴയിലെ തന്റെ വീടിൽ കുടുംബത്തോടൊപ്പം ചെവലഴിക്കുന്നതാണ് ഏറെ ഇഷ്ടമുള്ള കാര്യമെന്ന് ആസിഫ് പല അഭിമുഖങ്ങിൽ പറഞ്ഞിട്ടുണ്ട്. ആസിഫിനു പിന്നാലെ താരത്തിന്റെ അനുജൻ അസ്കർ അലിയും സിനിമയിലെത്തിയിരുന്നു. കുറച്ചധികം ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി അസ്കർ എത്തിയിട്ടുണ്ട്.
അച്ചു എന്നാണ് ആസിഫ് സഹോദരനെ വിളിക്കുന്നത്. അസ്കറിന്റെ പിറന്നാളായിരുന്നു ഇന്നലെ. സഹോദരന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആസിഫ്. കേക്ക് മുറിച്ചാണ് അനുജന്റെ പിറന്നാൾ ആസിഫ് ആഘോഷിച്ചത്. അസ്കർ അലി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ആസിഫിനെയും ഭാര്യ സമയെയും കുട്ടികളെയും കാണാം. സംവിധായകൻ ജിസ് ജോയ്, നടൻ ജിഷാദ് എന്നിവരും ആശംസ അറിയിച്ചിട്ടുണ്ട്.
ഷൈജു അന്തികാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹണി ബീയുടെ രണ്ടാം ഭാഗത്തിലൂടെയാണ് അസ്കർ അലി അഭിനയ ലോകത്തെത്തുന്നത്. പിന്നീട് ചെമ്പരത്തിപൂ, കാമുകി, ജീം ബൂം ബാ, പക എന്നീ ചിത്രങ്ങളിലും അസ്കർ വേഷമിട്ടു.