മലയാളത്തിലെ യുവനായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് നടൻ ആസിഫ് അലി. പക്വമാർന്ന വേഷങ്ങളിലൂടെ മലയാളസിനിമയിൽ സജീവമാവുകയാണ് ആസിഫ്. സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് ഒടുവിൽ റിലീസിനെത്തിയ ആസിഫ് ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ കൊത്ത് മികച്ച പ്രതികരണമാണ് നേടുന്നത്.
അതിനിടയിൽ, പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ആസിഫ്. ലാൻഡ് ലോവർ ഡിഫെൻഡർ ആണ് ആസിഫ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന്റെ ആഢംബര ഓഫ്-റോഡർ എസ്യുവി ആണിത്. 1.2 കോടിയ്ക്ക് മുകളിലാണ് ഈ കാറിന്റെ ഓൺറോഡ് പ്രൈസ്.
പുതിയ വാഹനം ഏറ്റുവാങ്ങാനായി ആസിഫിനൊപ്പം ഭാര്യ സമയും മക്കളായ ആദമും ഹസ്രിനും എത്തിയിരുന്നു.
ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ , ആണും പെണ്ണും, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
കുറ്റവും ശിക്ഷയും, ഇന്നലെ വരെ, മഹാവീര്യർ, കൊത്ത് എന്നിവയാണ് ഈ വർഷം റിലീസിനെത്തിയ ആസിഫ് ചിത്രങ്ങൾ.