മലയാള സിനിമയിലെ യുവതാരങ്ങളിൽ ആസിഫ് അലിക്ക് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. ആരാധകരോടുള്ള താരത്തിന്റെ സ്നേഹവും മറ്റുള്ളവർ മാതൃകയാക്കേണ്ടതാണ്. തന്റെ ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകൾ നേർന്നിരിക്കുകയാണ് ആസിഫ് അലി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആലപ്പുഴ സ്വദേശിയായ സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് ഭാര്യയ്ക്കൊപ്പം എത്തിയത്. സാനുമായി 12 വർഷത്തെ പരിചയമാണെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവുമാണ് താനിവിടെ വരെ എത്തിനിൽക്കുന്നതിന് കാരണമെന്നുമാണ് വിവാഹവേദിയിൽ ആസിഫ് പറഞ്ഞത്.
ആസിഫിന്റെ വിവാഹത്തിന് ആരാധകർ എത്തിയപ്പോഴുള്ള ചിത്രവും സാനുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രവും ചേർത്തുവച്ച ഫൊട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘അയാൾ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും.ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം‘, എന്നാണ് ഫൊട്ടോ പങ്കുവച്ച ഒരു ആരാധകന്റെ കുറിപ്പ്.
ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ആർജെ മാത്തുക്കുട്ടി സംവിധായകനായ കുഞ്ഞെൽദോ ആണ് ആസിഫിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Read More: എന്നും മായാതെ; ഉമ്മയുടെ പുസ്തകം പരിചയപ്പെടുത്തി ആസിഫ് അലി