ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘2018.’ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. മേക്കിങ്ങിലും അഭിനേതാക്കളുടെ പ്രകടനത്തിലും ചിത്രം അത്ഭുതപ്പെടുത്തി എന്നാണ് പ്രേക്ഷകർ പറയുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ വിജയം താരങ്ങൾ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഫിൻലാൻഡ് യാത്രയ്ക്കിടെ ചിത്രത്തിന്റെ വിജയം കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ടൊവിനോയുടെ പോസ്റ്റു വൈറലായിരുന്നു.
ഇപ്പോഴിതാ കേക്ക് മുറിച്ച് വിജയം ആഘോഷമാക്കുന്ന ആസിഫ് അലിയുടെയും ആരാധകരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മറ്റു താരങ്ങൾക്കൊപ്പം 2018 എന്ന് എഴുതിയ കേക്ക് മുറിക്കുകയാണ് ആസിഫ്. ഇതിനിടയിൽ ആസിഫിന്റെ പേര് പറഞ്ഞ് ജയ് വിളിക്കുന്ന ആരാധകരുടെ ശബ്ദവും കേൾക്കാം. ആർപ്പുവിളി നിർത്താനായി ആസിഫ് കൈ കാണിക്കുന്നുണ്ടെങ്കിലും ആരാധകർ ആവേശത്തോടെ അത് തുടരുകയാണ്. ഒടുവിൽ കൂട്ടത്തിലൊരാളെ വിളിച്ച് ആദ്യം മുറിച്ച് അയാൾക്ക് നൽകി ആസിഫ്. ‘നീ ഇങ്ങോട് വന്നേ’ എന്ന് താരം പറയുന്നത് വീഡിയോയിൽ കേൾക്കാനാകും. കേക്ക് നൽകിയതിനു ശേഷം ആരാധകനെ ആലിംഗനം ചെയ്യുന്നുമുണ്ട് താരം.
മെയ് 5 നാണ് ചിത്രം റിലീസിനെത്തിയത്. ആദ്യ ദിവസം 1.85 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനവും നേട്ടം കൊയ്യുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം 2018 ശനിയാഴ്ച്ച മാത്രമായി നേടിയത് 3.22 കോടിയാണ്. രണ്ടു ദിവസങ്ങളിലായുള്ള കളക്ഷനെടുത്താൽ 5.07 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.