അശ്വിനി അയ്യർ തിവാരിയെന്ന പേര്  ചിലപ്പോൾ മലയാളിക്ക് പരിചിതമായിരിക്കില്ല. എന്നാൽ, മഞ്ജുവാര്യരുടെ രണ്ടാം വരവിലെ ഏറ്റവും വലിയ വിജയചിത്രമായ  ‘ഉദാഹരണം സുജാത’ മലയാളികൾക്ക് സുപരിചിതമാണ്. നിൽ ബാറ്റി സന്നാറ്റ  എന്ന അശ്വിനിയുടെ ഹിന്ദി ചിത്രത്തിന്റെ  പുനരാവിഷ്കാരമായിരുന്നു ഉദാഹരണം സുജാത. തമിഴിൽ ‘അമ്മ കണക്ക്’ എന്ന പേരിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.  അമല പോൾ പ്രധാന വേഷത്തിലെത്തിയ അമ്മ കണക്കിന്റെ സംവിധാനം നിർവ്വഹിച്ചതും അശ്വനി തന്നെയായിരുന്നു.

ഏറ്റവും പുതിയ ചിത്രമായ പൻഗയിലും കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ തലങ്ങളെ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് അശ്വിനി.   കബഡിതാരത്തിന്റെ വേഷത്തിലെത്തുന്ന  കങ്കണ റാവത്ത് ആണ് സിനിമയിലെ നായിക.

പൻഗയുടെ വിശേഷങ്ങൾ  സംവിധായിക അശ്വിനി അയ്യർ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കങ്കണ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ, ജാസി ഗില്ലും നീന ഗുപ്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സാമ്പ്രദായികരീതികളെ വെല്ലുവിളിച്ച് സ്വപ്നം കാണാൻ ധൈര്യം കാണിച്ച ഒരു പുതിയകാല കുടുംബത്തിന്റെ കഥയാണ് പൻഗ.

അഭിനേതാക്കളായ കങ്കണ റാവത്ത്, ജാസി ഗിൽ, നീന ഗുപ്ത എന്നിവരുടെയും കുടുംബചിത്രങ്ങൾക്കൊപ്പം തന്റെ കുടുംബചിത്രങ്ങളും കൊളാഷ് ചെയ്തെടുത്ത വ്യത്യസ്തമായൊരു വീഡിയോയും അശ്വനി ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്.

“വെല്ലുവിളികൾ ഏറ്റെടുത്ത് പാഷനെ പിന്തുടരാൻ എനിക്ക് ധൈര്യമേകുന്നത് ഇവരാണ്,” എന്ന അശ്വനിയുടെ വാക്കുകളോടെയാണ് വീഡിയോ​ ആരംഭിക്കുന്നത്. അശ്വനിയും ഭർത്താവ് നിതേഷ് തിവാരിയും മക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കൊളാഷും വീഡിയോയിൽ കാണാം. ” ജീവിതം എനിക്കൊരിക്കലും എളുപ്പമുള്ള ഒരു യാത്രയായിരുന്നില്ല, പക്ഷേ എല്ലാം അതിജീവിക്കാനുള്ള കരുത്ത് തന്നത് എന്റെ കുടുംബമാണ്,” എന്ന കങ്കണയുടെ വാക്കുകൾക്കൊപ്പം കുടുംബചിത്രങ്ങളും നൽകിയിട്ടുണ്ട്. “കുടുംബമാണ് എന്റെ പ്രധാന പിന്തുണയും ധൈര്യവും പ്രചോദനവും സമ്മാനവുമെന്നാണ്,” നീന ഗുപ്ത പറയുന്നത്, ഒപ്പം ഊഷ്മളമായ കുടുംബചിത്രങ്ങളും നൽകിയിട്ടുണ്ട്. വ്യത്യസ്തമായ ഈ വീഡിയോയെ കൗതുകത്തോടെയാണ് സിനിമാപ്രേമികൾ വരവേറ്റത്.

സാമ്പ്രദായികരീതികളിൽ നിന്നും പുറത്തുവന്ന് സ്വപ്നം കാണാൻ ധൈര്യം കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പൻഗയിലൂടെ അശ്വനി പറയുന്നത്. ചിരിയിലും കരച്ചിലിലും സ്വപ്നങ്ങളിലും ഒന്നിച്ചു നിൽക്കുന്ന ഒരു കുടുംബത്തിന് അസാധ്യമായതൊന്നുമില്ല എന്നൊരു സന്ദേശം കൂടി പൻഗ നൽകുന്നുണ്ട്.

“പൻഗയുടെ കഥ അശ്വനി പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് കരുത്തു പകർന്ന് കൂടെ നിന്നത് എന്റെ കുടുംബമാണ്. അതുകൊണ്ടുതന്നെ കഥയിലെ അനുഭവമുഹൂർത്തങ്ങളോടും വികാരങ്ങളോടും താദാത്മ്യം പ്രാപിക്കുക എളുപ്പമായിരുന്നു. അശ്വനിയുടെ സിനിമകളെല്ലാം ജീവിതഗന്ധിയായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ബരേലി കി ബര്‍ഫി എനിക്കേറെ ഇഷ്ടപ്പെട്ട സിനിമയാണ്. ആദ്യമായി ദേശീയതലത്തിൽ കളിക്കുന്ന ഒരു കബഡിതാരമായി അഭിനയിക്കുന്നത് വെല്ലുവിളി ഉയർത്തുന്നതിനൊപ്പം ആവേശവും പകരുന്നുണ്ട്,” – ചിത്രത്തിൽ കബഡിതാരത്തിന്റെ വേഷത്തിലെത്തുന്ന കങ്കണ പറയുന്നു.

കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ റോളിലാണ് ജാസ്സി ഗിൽ എത്തുന്നത്. “ഒരു വ്യക്തിയുടെ വിജയത്തിന് പ്രചോദനമേകുന്ന ഒരു കുടുംബത്തിന്റെ കഥ എന്നതു തന്നെയാണ് എന്നെ ഈ സിനിമയിലേക്ക്​ അടുപ്പിച്ച ഘടകം. ഏറെ വൈകാരിക മുഹൂർത്തങ്ങളുള്ള സിനിമ കൈകാര്യം ചെയ്യുന്നതും ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ വികാരനിർഭരമായ ജീവിതമാണ്. കുടുംബവുമായി വളരെ അടുത്തബന്ധം സൂക്ഷിക്കുന്ന​​ ഒരാളെന്ന നിലയിൽ എനിക്ക് കഥാമുഹൂർത്തങ്ങളുമായി താദാത്മ്യം പ്രാപിക്കാനാവുന്നുണ്ട്”, ജാസ്സി ഗിൽ പറയുന്നു.

2019 ഓടെ പൻഗ തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. “പുതിയകാല ഇന്ത്യയുടെ കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള കഥകൾ പറയാൻ എനിക്കിഷ്ടമാണ്. എന്റെ ആ ഇഷ്ടങ്ങളോട് ചേർന്നിരിക്കാൻ തയ്യാറായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോട് ഏറെ നന്ദിയുണ്ട്. എല്ലാവർക്കും മനസ്സിലാവുന്ന, അതേസമയം വ്യത്യസ്തകളുള്ള ഒരു പ്ലോട്ട് ഒരുക്കാൻ കഴിഞ്ഞതും സന്തോഷം നൽകുന്നു”, അശ്വനി പറയുന്നു.

ബരേലി കി ബര്‍ഫി, നിൽ ബാറ്റി സന്നാറ്റ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വനി ഒരുക്കുന്ന സിനിമ എന്ന പ്രത്യേകകതയും പൻഗയ്‌ക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook