ട്രെഡ്മില്ലിൽ വ്യയാമം മാത്രമല്ല ഡാൻസും നടക്കുമെന്ന് ഒരിക്കൽ അശ്വിൻ കുമാർ കാണിച്ചതാണ്. ഇപ്പോഴിതാ, വീണ്ടും ഒരു കലക്കൻ ട്രെഡ്മിൽ ഡാൻസുമായി എത്തിയിരിക്കുകയാണ് താരം. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’ എന്ന ഗാനത്തിനാണ് അശ്വിൻ ട്രെഡ്മില്ലിൽ ചുവടുവെച്ചിരിക്കുന്നത്.
ആറാട്ട് പ്രൊമോഷനിടയിൽ എടുത്തതാണ് എന്ന അടിക്കുറിപ്പോടെയാണ് അശ്വിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇപ്രാവശ്യം അറബിക് കുത്ത്, വേണമെങ്കിൽ ‘ട്രെഡ്മിൽ കുത്ത്’ എന്ന് പറയാം’ എന്നും അശ്വിൻ കുറിച്ചിട്ടുണ്ട്.
നേരത്തെ കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ അണ്ണാത്ത ആഡറാർ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടൻ അശ്വിൻ കുമാറിന്റെ വീഡിയോ വൈറലായിരുന്നു.
ട്രെഡ് മില്ലിലായിരുന്നു അശ്വിൻകുമാറിന്റെ ഡാൻസ്. അശ്വിന്റെ അപാരമായ ബാലൻസും ഭാവങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. കുഞ്ചാക്കോ ബോബനും അജു വർഗീസുമെല്ലാം അശ്വിന്റെ ഡാൻസിനെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു. “ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യണം എന്നുള്ളത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. എന്നാൽ ഇതു കണ്ടപ്പോൾ, അതു വേണമോ എന്ന് രണ്ടാമതൊന്നു കൂടി ആലോചിച്ചു. മനസ്സ് നിറയ്ക്കുന്ന പ്രകടനം,”എന്നാണ് ചാക്കോച്ചൻ കുറിച്ചത്.
തമിഴ് ചിത്രം ‘ഗൗരവ’ത്തിലൂടെ അഭിനയത്തിലെത്തിയ അശ്വിൻ കുമാറിനെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കുന്നത് വിനീത് ശ്രീനിവാസന്റെ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മാണ്. ലവകുശ, ചാര്‍മിനാര്‍, രണം എന്നീ ചിത്രങ്ങളിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യും മോഹൻലാൽ നായകനായ ‘ആറാട്ടി’ലുമാണ് അശ്വിൻ അവസാനമായി അഭിനയിച്ചത്.