‘സീസൺ’ എന്ന സിനിമയിൽ അഭിനയിച്ചതിനെത്തുടർന്ന് ജീവിതത്തിലുണ്ടായ മറക്കാനാവാത്തൊരു അനുഭവം ഓർക്കുകയാണ് നടൻ അശോകൻ. മയക്കുമരുന്നു മാഫിയയെ അടിസ്ഥാനമാക്കി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സീസൺ’. മോഹൻലാൽ, ഗാവിൻ പക്കാർഡ്, മണിയൻപിള്ള രാജു, ശാരി, ജഗതി, തിലകൻ എന്നിവർക്കൊപ്പം അശോകനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
‘സീസൺ’ റിലീസിനെത്തിയതിനു ശേഷം ഖത്തർ സന്ദർശനത്തിനിടെയുണ്ടായ ഭീതിദമായ അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. “1988ൽ ഞാൻ ഖത്തറിൽ സൗഹൃദ സന്ദർശനത്തിന് പോയി. ഒരു ദിവസം സുഹൃത്തിന്റെ വീട്ടിൽനിന്ന് ഡിന്നർ കഴിച്ച് മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ തിരിച്ചെത്തി മുറി തുറക്കാൻ ശ്രമിച്ചപ്പോൾ തുറക്കാൻ കഴിയുന്നില്ല. ഇതുകണ്ട് മൂന്നു അറബികൾ അടുത്തെത്തി ഞങ്ങളുടെ കയ്യിൽനിന്ന് കീ വാങ്ങി വാതിൽ തുറന്ന് ഞങ്ങളെയും മുറിയിലാക്കി ഉള്ളിൽനിന്ന് വാതിൽ പൂട്ടി. അവരൊന്നും പറയാതെ എന്റെ പെട്ടിയും മുറിയുമെല്ലാം പരിശോധിക്കുകയാണ്. ഞങ്ങളോട് ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി, അന്യനാട്ടിൽ അല്ലേ, വല്ലാത്ത ഭയത്തിൽ ഇരിക്കുകയാണ്. അവർ ബെഡ്ഡൊക്കെ കീറിയും ടെലിഫോൺ റിസീവർ അഴിച്ചും പരിശോധിക്കുന്നു. ആരോടോ ഫോണിൽ എന്തോ പറയുന്നു. പരിശോധന കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് അവർ സിഐഡികൾ ആണെന്ന് മനസിലായത്.”
“പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എന്നെയും സുഹൃത്തിനെയും മാറ്റിനിർത്തി ചോദ്യം ചെയ്തു. എന്നോട് എന്തിനാണ് ഖത്തറിൽ വന്നതെന്നൊക്കെ അന്വേഷിച്ചു. ചോദ്യം ചെയ്യലിനു ശേഷം ഞങ്ങളെ രണ്ടാളെയും ജയിലിൽ രണ്ടു സെല്ലിലായി അടച്ചു. ഓഗസ്റ്റ് മാസത്തിലെ സഹിക്കാൻ പറ്റാത്ത ചൂടാണ് അകത്ത്. ഇനി ഇവിടുന്ന് രക്ഷപ്പെടാനാവുമോ എന്ന ഭയം. ഞാൻ കരഞ്ഞു കൊണ്ടിരിക്കുമ്പോൾ സഹ തടവുകാരായ പാക്കിസ്ഥാനികൾ ആശ്വസിപ്പിച്ചു. സെല്ലിന് ആജാനബാഹുക്കളായ സുഡാനി പൊലീസുകാർ കാവലുണ്ട്. ഞാനാകെ കരഞ്ഞു ഭയന്ന് ഇരിക്കുകയാണ്.”
“ഇടയ്ക്ക് ആരൊക്കെയോ വന്ന് ചിരിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അവർക്ക് അമിതാഭ് ബച്ചനും കമലഹാസനുമാണ്. ആരോ വന്നിട്ട് എന്നോട് അമിതാഭ് ബച്ചന്റെ ഫ്രണ്ടാണോ എന്നു ചോദിച്ചു. രക്ഷപ്പെടാനായി ഞാൻ യെസ് എന്ന് പറഞ്ഞു, അതുവരെ അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ കൂടി. അതിനിടയിൽ സെല്ലിൽ ഭക്ഷണം കൊടുക്കാൻ ഒരു മലയാളി വന്നു. അയാൾ ഓരോ സെല്ലുകളായി മാറി മാറി എന്റെ സെല്ലിനടുത്തെത്തി. അയാളെന്നെ ആ അവസ്ഥയിൽ കാണേണ്ട എന്നോർത്ത് ഞാൻ പരമാവധി തിരിഞ്ഞിരിക്കുകയാണ്. അയാൾ ഒരുപാട് തവണ പിറകിൽ നിന്നു വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. എന്നെ കണ്ട് അയാൾ ഞെട്ടി, അശോകൻ ചേട്ടനല്ലേ? ചേട്ടൻ എന്താണ് ഇവിടെ എന്നൊക്കെ ചോദിച്ചു. ഞാനയാളോട് കാര്യങ്ങൾ പറഞ്ഞു, അസീസ് എന്നായിരുന്നു അയാളുടെ പേര്. ഞാനയാളെ ഒരിക്കലും മറക്കില്ല.”
“പിറ്റേന്ന് എന്റെ സ്പോൺസർ വന്നു. എന്നെ പുറത്തിറക്കി. സ്പോൺസർ പൊലീസുകാരോട് സംസാരിച്ചു. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഞാൻ മയക്കുമരുന്നിന് അടിമപ്പെട്ട ആളായി അഭിനയിച്ച ‘സീസണി’ലെ ചില ചിത്രങ്ങൾ പൊലീസിന് ആരോ അയച്ചുകൊടുത്തിരുന്നു. എന്റെ സുഹൃത്തിനോട് ശത്രുത ഉള്ള ആരോ ചെയ്തതാണ്. ഞാനൊരു മയക്കുമരുന്നു മാഫിയയുടെ ആളാണെന്ന രീതിയിലാണ് അവർ എന്നെ സെല്ലിൽ അടച്ചത്.”
“‘സീസണി’ലെ ആ കഥാപാത്രമാണ് എന്നെ ആ സെല്ലിന് അകത്താക്കിയതെങ്കിൽ മറ്റൊരു സിനിമയിലെ കഥാപാത്രമാണ് എന്നെ രക്ഷപ്പെട്ടത് എന്നു പറയാം. അടൂർ ഗോപാലകൃഷ്ണഞെ ‘അനന്തരം’ എന്ന ചിത്രത്തിലും ആയിടെ ഞാൻ അഭിനയിച്ചിരുന്നു. മയക്കുമരുന്നിന് അടിമയായിട്ടാണ് ആ ചിത്രത്തിലും അഭിനയിച്ചത്. ലണ്ടൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചിത്രങ്ങൾ സഹിതം ഏതാനും മാസം മുൻപ് ഖത്തറിലെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ആ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കാണിച്ചാണ് എന്റെ സ്പോൺസർ എന്നെ പുറത്തിറക്കിയത്.” അശോകൻ പറയുന്നു.
Read more:പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം