“ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!”
മലയാള സിനിമയിലെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസ്താവന പങ്കുവച്ചുകൊണ്ട് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സിനിമാ വ്യവസായം പ്രതിസന്ധിയിലാവുകയും നിർമാണം പൂർത്തിയാക്കിയ സിനിമകൾ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ റിലീസ് ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്തപ്പോൾ നിർമാതാക്കളുടെ മുന്നിലേക്ക് വന്ന സാധ്യതയാണ് ഒടിടി പ്ലാറ്റ് ഫോമുകൾ. ബോളിവുഡിൽ അമിതാഭ് ബച്ചൻ അടക്കമുള്ള മുൻനിര താരങ്ങൾ അടക്കം അഭിനയിച്ച ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ മലയാളത്തിൽ ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സൂഫീയും സുജാതയുമാണ് നേരിട്ട് ഒടിടി റിലീസിനെത്തിയത്.
Read More: മമ്മൂട്ടി, ടോവിനോ ചിത്രങ്ങള്‍ ഒടിടി റിലീസിലേക്ക്?
എന്നാൽ തിയേറ്റർ റിലീസ് മറികടന്ന് നേരിട്ട് ഒടിടിയിലേക്ക് സിനിമകളെത്തിയാൽ അത് തങ്ങളെ സാരമായി ബാധിക്കുമെന്നും ഈ നടപടിയോട് തങ്ങൾ യോജിക്കുന്നില്ല എന്നും തിയേറ്ററുടമകളുടെ സംഘടനയായി ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ നിലപാട് തുടർന്നും ഇങ്ങനെയായിരിക്കുമെന്നും എന്നാൽ ഒരു ചിത്രത്തിനു മാത്രം ഇളവനുവദിക്കുന്നും എന്നും കുറിച്ചുകൊണ്ടുള്ള ഫിയോക്കിന്റെ പ്രസ്താവനയ്ക്കാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
ജിയോ ബൈബി സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമിച്ച് ടൊവീനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് മീറ്റേഴ്സ്’ എന്ന ചിത്രത്തിനാണ് ഈ ഇളവ് നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചോർന്നു എന്ന് കാണിച്ച് നിർമാതാവ് ആന്റോ ജോസഫ് പൊലീസിൽ പരാതി നൽകിയതിന്റെ പശ്ചാത്തിൽ ഈ ചിത്രം പൈറസി ഭീഷണി നേരിടുന്നു എന്നത് കണക്കിലെടുത്താണ് ഇളവ്.
Read More: ആമിർ ഖാന്റെ ‘ലാൽ സിംഗ് ചന്ദ’യുടെ റിലീസ് നീട്ടി
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമ ചോർന്നുവെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനസ്സിലാക്കിയതെന്നാണ് നിർമാതാവ് പറഞ്ഞത്. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില ലിങ്കുകളില്‍ ലഭിച്ചതായും അദ്ദേഹം പറയുന്നു.
കോവിഡ് വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവച്ച ആദ്യ മലയാള സിനിമകളിൽ ഒന്ന് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’. തിയേറ്ററുകൾ അടക്കാനുള്ള തീരുമാനം വരുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ സംവിധായകർ റിലീസ് മാറ്റിവെച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.