സിനിമാ ലോകത്തെ സ്ത്രീസുരക്ഷ എന്നത് ഏറ്റവും വലിയ ചര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയായ ഒപിഎം ഇനി നിര്‍മ്മിക്കുന്ന സിനിമകളില്‍, സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കി.

എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും പ്രത്യേകിച്ച് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചൂഷണങ്ങളും ഈ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും, എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമെന്നും ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

കഴിഞ്ഞദിവസം എറണാകുളം പ്രസ്‌ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

തമിഴ് സിനിമയില്‍ മീ ടൂ ആരോപണങ്ങള്‍ പഠിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് നടികര്‍സംഘം പ്രസിഡന്റ് വിശാലും പ്രഖ്യാപിച്ചിരുന്നു.

ബോളിവുഡിന്റെ വിവിധ മേഖലകളില്‍ നിന്നുയരുന്ന തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ പരാതികള്‍ പഠിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് കഴിഞ്ഞദിവസം ആമിര്‍ ഖാനും കിരണ്‍ റാവുവും പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. അതിനുപിന്നാലെ കുറ്റവാളികൾക്കൊപ്പം പ്രവർത്തിക്കില്ലെന്ന് ബോളിവുഡ് സംവിധായികമാരും നിലപാടെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook