തി​രു​വ​ന​ന്ത​പു​രം: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇറക്കിയ വീഡിയോ ദുരുപയോഗം ചെയ്ത് സൈബര്‍ ആക്രമണം നടത്തുന്നെന്ന് നടി ആശാ ശരത്തിന്റെ പരാതി. ഡി​ജി​പി​ക്കാ​ണ് ആശ പ​രാ​തി ന​ൽ​കി​യ​ത്. സ്ത്രീ​യാ​യ​തു​കൊ​ണ്ടാ​ണു ത​നി​ക്കെ​തി​രേ സം​ഘ​ടി​ത ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും വീ​ഡി​യോ വി​വാ​ദ​മാ​ക്കി​യ​തു ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും ആ​ശ പ​റ​ഞ്ഞു. വീഡിയോയില്‍ നിന്നും ചിത്രത്തിന്റെ പേരും ക്രെഡിറ്റ് ഭാഗവും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവിനെ കാണാനില്ലെന്ന മുഖവുരയോടെ തുടങ്ങുന്ന ലൈവ് വീഡിയോയാണ് വിവാദമായിരിക്കുന്നത്. ”കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം,” എന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ സാരാംശം.

ആശ ശരത്തിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ‘എവിടെ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആശാ ശരത്തിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ആശ ശരത്ത് വീഡിയോ പോസ്റ്റ് ചെയ്തത് തങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും പ്രെമോഷനു വേണ്ടി മാത്രമായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Read More: ഭർത്താവ് ‘എവിടെ’: ആശ ശരത്തിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

കാണാതായ തന്റെ ഭര്‍ത്താവ് സക്കറിയയെ കുറിച്ച ആശ ശരത്തിന്റെ കഥാപാത്രമായ ജെസിയാണ് വീഡിയോയില്‍ സംസാരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വീഡിയോയ്‌ക്കൊപ്പം ചിത്രത്തിന്റെ പേരടക്കമുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം, വീഡിയോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

നേരത്തെ വീഡിയോയ്‌ക്കെതിരെ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോ ആണിത്. കെകെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എവിടെ’. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, ബൈജു, പ്രേം പ്രകാശ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook