സീരിയലിലൂടെ വന്ന് പിന്നീട് സിനിമയിൽ ഏറെ സജീവമായി മാറിയ താരമാണ് ആശ ശരത്ത്. നർത്തകി കൂടിയായ ആശ ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലൂടെ പ്രിയങ്കരിയായി മാറുന്നത്. സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2012 പുറത്തിറങ്ങിയ ‘ഫ്രൈഡെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ‘കർമ്മയോധ’, ‘അർദ്ധനാരി’, ‘ബഡ്ഡി’, ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൃശ്യം’ത്തിലെ ഗീത പ്രഭാകർ എന്ന കഥാപാത്രമാണ് ആശ ശരത്തിന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകിയത്. അതിനു ശേഷം ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ ആശയെ തേടിയെത്തി.
ആശ ശരത്തിന്റെ പുതിയ ചിത്രം ‘ഖെദ്ദ’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. മകൾ ഉത്തരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ഖെദ്ദ’യുടെ പ്രൊമോഷനിടയിൽ നൽകിയ അഭിമുഖത്തിൽ ആശ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഓർമ്മിക്കുവാനായി ഷൂട്ടിങ്ങ് സെറ്റിൽ നിന്നുമുളള എന്തെങ്കിലും എടുത്തു സൂക്ഷിക്കാറുണ്ടെന്നാണ് ആശ പറയുന്നത്. അതിൽ പ്രൊഫസർ ജയന്തി സ്ഥിരമായി ഉപയോഗിച്ചിരുന്ന കണ്ണടയും ഗീത പ്രഭാകറിന്റെ തൊപ്പിയും ഉൾപ്പെടുന്നുണ്ട്. ‘ഖെദ്ദ’യിൽ നിന്നും ഏറെ പ്രിയപ്പെട്ട ഒരു രംഗത്തിന്റെ സ്ക്രിപ്പ്റ്റ് കൈയിലുണ്ടെന്നും ആശ പറഞ്ഞു.
മനോജ് കാനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഖെദ്ദ’. ആശ ശരത്തും മകൾ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത്, സരയു എന്നിവരാണ് മറ്റു ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നത്.ബെൻസി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി അബ്ദുൾ നാസറാണ്. ഛായാഗ്രഹണം പ്രതാപ് പി നായർ, സംഗീതം ശ്രീവൽസൻ ജെ മേനോൻ എന്നിവർ നിർവ്വഹിക്കുന്നു.