മകളുടെ ഓരോ ചെറിയ വിജയങ്ങളും അമ്മമാർക്ക് അഭിമാനമാണ്. സൗന്ദര്യമത്സരത്തിൽ മകൾ ഉത്തര നേടിയ വിജയം പങ്കുവയ്ക്കുകയാണ് നടി ആശ ശരത്. മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരത്തിനൊപ്പം ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര ശരത്ത് നേടി.
“ഒരു അമ്മയെന്ന നിലയിലും രക്ഷിതാവെന്ന നിലയിലും തന്റെ കുഞ്ഞിന്റെ വിജയവും ആത്മവിശ്വാസവും കാണുന്നത് ഊഷ്മളവും സന്തോഷപ്രദവുമായ വികാരമാണ്. റാംപിൽ ആത്മവിശ്വാസത്തോടെ ചുവടുവെയ്ക്കുന്ന മകൾ എന്നിലെ അമ്മയെ സന്തോഷിപ്പിക്കുന്നു. ജയവും തോൽവിയുമല്ല പ്രധാനം, പങ്കാളിത്തവും ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ്,” ആശ ശരത് കുറിക്കുന്നു.
അടുത്തിടെ വെള്ളിത്തിരയിലും ഉത്തര ശരത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് മകൾ ഉത്തരയുടെ സിനിമാ അരങ്ങേറ്റം. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള 2020ലെ സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകന്‍ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ ‘ഖെദ്ദ’ ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.