scorecardresearch
Latest News

മകളുടെ സംഗീത് നൈറ്റിൽ യുവമിഥുനങ്ങളെ പോലെ ചുവടുവച്ച് ആശ ശരത്തും ഭർത്താവും

മാർച്ച് 18 നായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹം

Asha Sharath, Asha Sharath husband, Asha Sharath dance

നടി, നർത്തകി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ആശ ശരത്ത്. ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ താരം പിന്നീട് സിനിമാലോകത്താണ് സജീവമായത്. ഫ്രൈഡെ, കർമ്മയോധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൃശ്യ’ത്തിലൂടെയാണ് ആശയുടെ കരിയർ ഗ്രാഫ് ഉയരുന്നത്. പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആശ, ഭർത്താവ് ശരത്തിനൊപ്പം ദുബായിലെത്തിയ ശേഷം നൃത്ത വിദ്യാലയം ആരംഭിക്കുകയായിരുന്നു. ഉത്തര, കീർത്തന എന്നീ രണ്ടു മക്കളും ഇവർക്കുണ്ട്.

മാർച്ച് 18 നായിരുന്നു ഉത്തരയുടെ വിവാഹം. ഗംഭീരം ചടങ്ങുകളോടെയാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. സംഗീത് നൈറ്റിൽ ആശ ശരത്തും ഭർത്താവും ചെയ്ത നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഈറൻ മേഘം എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഈ ഗാനം തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്ന് ആശ നേരത്തെ പറഞ്ഞിട്ടുണ്ട്. “ചില പാട്ടുകൾ കേൾക്കുമ്പോൾ ഓർമ വരും. 18 വയസ്സിൽ വിവാഹം കഴിച്ച ആളാണ് ഞാൻ. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടൻ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുൻപു മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്. കാണുന്നതിനു മുൻപ് അദ്ദേഹം ആദ്യമായി കാസറ്റിൽ ഈ പാട്ട് പാടി മസ്കറ്റിൽ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടിൽ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.” ആശയുടെ വാക്കുകളിങ്ങനെയായിരുന്നു.

മകളുടെ സംഗീത നൈറ്റിൽ യുവ മിഥുനങ്ങളെ പോലെ അച്ഛനും അമ്മയും തകർത്താടുകയാണ്. രണ്ടു പേരും അടിപൊളി എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റുകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Asha sharath and husband dance at daughters sangeet night