ലോക്ക്ഡൗണിൽ മകൾ കാനഡയിൽ അകപ്പെട്ടു പോയതിന്റെ വിഷമത്തിലാണ് നടി ആശ ശരത്. ദുബായിൽനിന്നും ഗുരുവായൂർ അമ്പലത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാൻ നാട്ടിൽ എത്തിയതാണ് ആശ ശരത്. അപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഭർത്താവും ഒരു മകളും ആശ ശരത്തിനൊപ്പം നാട്ടിൽ എത്തിയിരുന്നു. മറ്റൊരു മകൾ കാനഡയിലാണ്.
വർഷങ്ങളായി ദുബായിൽ ജീവിക്കുന്ന ആളാണ് താനെന്നും സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമൊക്കെ അവിടെ കുടുങ്ങി കിടക്കുന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് ആശ ശരത് മനോരമ ന്യൂസിന്റെ പുലർവേള പരിപാടിയിൽ പറഞ്ഞു. ”ഭർത്താവും ഒരു മകളും നാട്ടിൽ എനിക്കൊപ്പമുണ്ട്. മറ്റൊരു മകൾ കീർത്തന കാനഡയിലാണ്. അവിടുത്തെ സാഹചര്യം വളരെ മോശമാണ്. യൂണിവേഴ്സിറ്റികളും ഹോസ്റ്റലുകളും അടച്ചു. ഹോം ക്വാറന്റൈനിൽ ആണ് അവൾ. വീട്ടിലെ മുറിയിൽ ഇരിക്കുകയാണ്. എന്നു വരാൻ കഴിയും എന്നറിയില്ല. വിമാന സർവീസുകൾ തുടങ്ങുന്നത് എന്നാണെന്നോ യുഎഇയിലാണോ അതോ ഇന്ത്യയിലാണോ വരാൻ പറ്റുക എന്നൊന്നും അറിയില്ല. ഒരു അമ്മ എന്ന നിലയിൽ വളരെയയധികം മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്. ഞാൻ മാത്രമല്ല, എത്രയോ അമ്മമാർ ഇത് അനുഭവിക്കുന്നുണ്ട്,” ആശ ശരത് പറഞ്ഞു.
Read Also: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’
ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചു പോകുന്നതിനെക്കുറിച്ചുളള ആലോചന കുറവാണ്. ജോലി, സ്ഥാപനങ്ങളുടെ അവസ്ഥ എന്നതിനെക്കാൾ അവിടെ അകപ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ നാട്ടിൽ എങ്ങനെ എത്തിക്കാമെന്നതാണ് അലട്ടുന്നത്. ലോക കേരള സഭാംഗം കൂടിയാണ് ഞാൻ. നോർക്കയുമായി നിരന്തരം ഈ വിഷയത്തിൽ ചർച്ച നടക്കുന്നുണ്ട്. പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിനുളള നടപടികൾ തുടങ്ങിയത് മനസ്സിന് സന്തോഷം നൽകുന്ന ഒന്നാണെന്നും ആശ ശരത് പറഞ്ഞു.
ടി.വി.ശരത് ആണ് ആശയുടെ ഭർത്താവ്. ഉത്തര, കീർത്തന എന്നിവരാണ് മക്കൾ. ഭർത്താവിനും മക്കൾക്കുമൊപ്പം ദുബായിലാണ് ആശ ശരത് താമസിക്കുന്നത്.