മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. പതിനെട്ടാം വയസ്സിൽ വിവാഹിതയായ വ്യക്തിയാണ് താനെന്നും വിവാഹത്തിനു മുൻപ് ശരത്ത് തനിക്കു നൽകിയ, 27 വർഷങ്ങൾക്കിപ്പുറവും താൻ നെഞ്ചോടു ചേർത്തുപിടിക്കുന്ന മനോഹരമായൊരു പ്രണയ ഉപഹാരത്തെ കുറിച്ച് സംസാരിക്കുകയാണ് ആശ.
‘ഈറൻ മേഘം പൂവും കൊണ്ട്’ എന്ന പാട്ട് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്ന് പറയുകയാണ് ആശ. ഫ്ളവേഴ്സ് ടിവിയിലെ റിയിലിറ്റി ഷോയിൽ അതിഥി ആയി എത്തിയപ്പോഴാണ് ആശ തന്റെ പ്രണയകാല ഓർമകൾ പങ്കിട്ടത്.
“ചില പാട്ടുകൾ കേൾക്കുമ്പോൾ ഓർമ വരും. 18 വയസ്സിൽ വിവാഹം കഴിച്ച ആളാണ് ഞാൻ. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടൻ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുൻപു മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്. കാണുന്നതിനു മുൻപ് അദ്ദേഹം ആദ്യമായി കാസറ്റിൽ ഈ പാട്ട് പാടി മസ്കറ്റിൽ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടിൽ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.”
“മലയാളം അത്ര നന്നായി സംസാരിക്കാൻ അറിയില്ല അദ്ദേഹത്തിന്. പാട്ടിനു മുൻപ് മലയാളത്തിൽ ഒരു ഡയലോഗ് ഉണ്ട്. അതൊക്കെ കഷ്ടപ്പെട്ട് പറഞ്ഞ് പാട്ടുപാടിയാണ് അയക്കുന്നത്. ശരത്തേട്ടന്റെ അമ്മ അന്ന് നാസിക്കിലാണ്. പാട്ടെനിക്ക് അയച്ചു കഴിഞ്ഞ് ശരത്തേട്ടൻ അമ്മയോട് പറഞ്ഞു, ‘ഞാനിങ്ങനെ ഒരു പാട്ട് പാടി ആശയ്ക്ക് അയച്ചിട്ടുണ്ടെന്ന്”. “അതെയോ? എന്നാ പിന്നെ പോവേണ്ടി വരില്ല, അവര് വേണ്ടാ എന്നു വെച്ചിട്ടുണ്ടാവും,” എന്നായിരുന്നു അമ്മയുടെ മറുപടി.” ആശ ശരത്ത് പറയുന്നു.
ഇന്നും താൻ ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും 27 വർഷമായിട്ടും താൻ ഹൃദയത്തോട് ചേർത്തുവച്ച പാട്ടാണിതെന്നും ആശ കൂട്ടിച്ചേർക്കുന്നു.
View this post on Instagram
വിവാഹത്തിനു ശേഷം അഭിനയത്തിലേക്ക് എത്തിയ താരമാണ് ആശ. പ്രീഡിഗ്രി കാലത്ത് ‘കമലദള’ത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ താൽപ്പര്യക്കുറവ് കാരണം ആ ക്ഷണം ആശ നിരസിക്കുകയായിരുന്നു. ദുബായിൽ റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും ആശ പ്രവർത്തിച്ചിട്ടുണ്ട്. കൈരളി കലാകേന്ദ്ര എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്. കൈരളി കലാകേന്ദ്രയ്ക്ക് ദുബായിൽ തന്നെ നാലു ശാഖകൾ ഉണ്ട്.
‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയാണ് ആശ ശരത്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും അഭിനയിച്ചു തുടങ്ങിയ ആശ ശരത്തിന്റെ ‘ദൃശ്യം’ സിനിമയിലെ ഐ ജി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്ന സന്തോഷത്തിലാണ് താരം ഇപ്പോൾ.
ആശയ്ക്ക് പിന്നാലെ മകള് ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് മകൾ ഉത്തരയുടെ സിനിമാ അരങ്ങേറ്റം.