ഇന്ത്യൻ സംഗീതലോകത്തെ തന്നെ അപൂർവ്വ സഹോദരിമാരാണ് ലതാ മങ്കേഷ്കറും ആശാ ഭോസ്‌ലെയും. മറ്റൊരാള്‍ക്കും ഇടം നല്‍കാത്ത വിധത്തില്‍ മങ്കേഷ്കര്‍ സഹോദരിമാര്‍ ഇന്ത്യൻ സംഗീതലോകത്ത് അരങ്ങു വാണു. ഏഴര പതിറ്റാണ്ടിലേറെ നീണ്ട ഇടമുറിയാത്ത തന്റെ സംഗീത സപര്യ അവസാനിപ്പിച്ച് ലത മങ്കേഷ്കർ വിട വാങ്ങുമ്പോൾ തന്റെ പ്രിയപ്പെട്ട സഹോദരിയെ ഓർക്കുകയാണ് ആശ ഭോസ്‌ലെ.
ലത മങ്കേഷ്കറിനൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുകയാണ് ആശ ഭോസ്‌ലെ. “കുട്ടികാലത്തെ ആ ദിനങ്ങൾ എന്തായിരുന്നു! ദീദിയും ഞാനും,” എന്നാണ് ആശ ഭോസ്‌ലെ കുറിക്കുന്നത്.
സഹോദരിയുമായി എക്കാലവും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു ലതാ മങ്കേഷ്കർ. ഇരുവരും ഒന്നിച്ച് 55 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നത് മറ്റൊരു കൗതുകം.
“ഒരു വാതിലുമായി ബന്ധിപ്പിച്ചിരിക്കുന്ന തൊട്ടു കിടക്കുന്ന രണ്ടു അപ്പാർട്ടുമെന്റുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്, ഞങ്ങൾ എപ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഇപ്പോൾ ആശ ആ അപ്പാർട്ട്മെന്റിൽ നിന്ന് മാറി. എന്നാലും ഞങ്ങൾ സ്ഥിരമായി സംസാരിക്കാറുണ്ട്. ഞങ്ങൾ സഹോദരിമാരാണ്, എല്ലായ്‌പ്പോഴും അടുപ്പത്തിലാണ്. മത്സരം മറ്റുള്ളവരുടെ മനസ്സിലാണ്,” എന്നാണ് ഒരിക്കൽ ആശ ഭോസ്‌ലെയെ കുറിച്ച് ലത ഒരു അഭിമുഖത്തിൽ പറഞ്ഞത്.
“എന്റെ സഹോദരിയുടെ ഓരോ നേട്ടവും അത്ഭുതകരമാണ്. ഞാൻ അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. വലിയ മരത്തിന്റെ ചുവട്ടിൽ ഒരു മരവും വളരില്ല എന്ന് പറയാറുണ്ട്. എന്റെ സഹോദരൻ ഹൃദയനാഥും സഹോദരി ഉഷയും സംഗീത ലോകത്ത് എന്ത് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും അവർ സ്വന്തമായി നേടിയതാണ്. എന്നാൽ എന്റെ സാന്നിധ്യം അവരുടെ കരിയറിൽ കരിനിഴൽ വീഴ്ത്തിയതായി എനിക്ക് തോന്നുന്നു. സ്വയം തെളിയിക്കാൻ ആശയ്ക്ക് എന്റെ നിഴലിൽ നിന്ന് മാറേണ്ടി വന്നു, അവൾ അത് വളരെ അത്ഭുതകരമായി ചെയ്തു! അവൾ തനിയെ ചെയ്യേണ്ടത് ചെയ്യാൻ പുറപ്പെട്ടു. അതിലെനിക്ക് വളരെ സന്തോഷമുണ്ട്.
“അവൾ ആകാശം തൊടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആശയ്ക്ക് പാടാൻ കഴിയുന്നത് പലപ്പോഴും എനിക്ക് ഒരിക്കലും പാടാൻ കഴിയില്ല. ഞാൻ വെറുതെ പറയുന്നതല്ല, ആജാ ആജാ മെയിൻ ഹൂൻ പ്യാർ തേരയിലും പിയാ തു അബിയിലും അവൾ ചെയ്ത ഭാവവും ശൈലിയും എനിക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ല,” എന്നാണ് സഹോദരിയുടെ സംഗീതത്തെ കുറിച്ച് ഒരിക്കൽ ലതാജി പറഞ്ഞത്.
സംഗീത കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെയും ആശ ഭോസ്‌ലെയുടെയും ജനനം. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും ആറുമക്കളിൽ മൂത്തയാളാണ് ലത, മൂന്നാമത്തെയാളാണ് ആശ. സ്വന്തമായി നാടക കമ്പനിയുണ്ടായിരുന്ന അച്ഛന്‍, തന്റെ പുത്രിമാരെ സംഗീതസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ വളര്‍ത്തി, തന്റെ സംഗീത സപര്യ തുടരാന്‍ പ്രേരിപ്പിച്ചു. ദീനനാഥ് മങ്കേഷ്കർ തന്നെയാണ് മക്കളുടെ കഴിവുകള്‍ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. ലത യ്ക്കും ആശയ്ക്കും വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ശാസ്ത്രീയ സംഗീതത്തില്‍ ശിക്ഷണം നല്‍കി.
എന്നാൽ അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ടതോടെ ഇരുവരുടെയും ജീവിതം മറ്റൊരു വഴിയ്ക്ക് ഒഴുകി. അച്ഛൻ മരിക്കുമ്പോൾ ലതയ്ക്ക് പതിമൂന്ന് വയസ്സും ആശയ്ക്ക് ഒമ്പത് വയസ്സുമാണ് പ്രായം. പതിമൂന്നാം വയസ്സിൽ കുടുംബത്തെ സംരക്ഷിക്കാനായാണ് ലത സിനിമയുടെ ലോകത്തെത്തി പെടുന്നത്. വൈകാതെ ചേച്ചിയുടെ വഴിയെ ആശയും സംഗീതലോകത്തേക്ക് എത്തുകയായിരുന്നു.