വൃശ്ചികമാസത്തിന്റെ തുടക്കമായ ഇന്ന് അയ്യപ്പ ഭക്തര്‍ക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണ്. മണ്ഡലകാലത്തിനായി ശബരിമല നട തുറക്കുന്ന ദിവസം കൂടിയായ ഇന്ന് ചെറുതെങ്കിലും ഭക്തിസാന്ദ്രമായ ഒരു പോസ്റ്റുമായി മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ശബരിമല തീര്‍ഥാടനത്തിനു ധരിക്കുന്ന കറുപ്പ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കൈകൂപ്പി നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ‘സ്വാമി ശരണം’ എന്ന ശരണം വിളിയോടെ മോഹൻലാൽ തന്റെ ഫെയ്സ്ബുക്കിൽ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ വിശ്വാസിയാണ്. പല അവസരങ്ങളിലും മാലയിട്ട് ശബരിമലയില്‍ പോയിട്ടുമുണ്ട്. എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിവാദം കത്തിനില്‍ക്കുന്ന ഈ നേരത്തുള്ള ഈ പോസ്റ്റ്, ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ‘ലാലേട്ടൻ മാലയിട്ടോ?’, ‘ട്രോളിയതാണോ?’ എന്ന്ണ് തുടങ്ങി ആകാംക്ഷയേറിയ കമന്റുകളുമായി സജീവരാണ് ലാല്‍ ആരാധകര്‍. ‘സ്വാമി’ ശരണം’ എന്ന രണ്ടു വാക്കുക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാന്‍ ആകുന്നത്. അഭിനയത്തില്‍ എന്ന പോലെ ഇവിടെയും ടൈംമിംഗ് പെര്‍ഫെക്റ്റ് ആണ് എന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.
ഇന്നലെ തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ വിശദീകരണങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്തിച്ചതും ആരാധകരെ ത്രസിപ്പിച്ചിരുന്നു. നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമാവാൻ താൻ ഒരുങ്ങുകയാണെന്ന വിശേഷമാണ് ഇന്നലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ” ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’,” തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാൽ തന്നെയാണ് പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങൾ അനൗൺസ് ചെയ്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ് ഇട്ടിമാണി എന്ന താരത്തിന്റെ വെളിപ്പെടുത്തൽ പോസ്റ്റിനു താഴെയും ആരാധകരുടെ രസകരമായ പ്രതികരണങ്ങൾ കാണാം. മോഹൻലാലിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രമായ ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണനെ വെല്ലുമോ പുതിയ ചിത്രത്തിലെ ഇട്ടിമാണി എന്നാണ് ‘ജയകൃഷ്ണൻ’ ഫാൻസ് ചോദിക്കുന്നത്.