scorecardresearch
Latest News

ഒരു രക്ഷിതാവെന്ന നിലയില്‍ ഇന്നത്തെ ലോകത്തെക്കുറിച്ച് ആശങ്കയുണ്ട്; ഐശ്വര്യാ റായ്

വളരെ ചെറുപ്പം മുതല്‍ തന്നോടൊപ്പം യാത്ര ചെയ്യാറുള്ള ആരാധ്യയ്ക്ക് അമ്മ ചെയ്യുന്ന ജോലി എന്താണെന്നും, ആരാധകരും കൂടി ഉള്‍പ്പെട്ടതാണ് തങ്ങളുടെ ലോകമെന്നും അറിയാം എന്ന് ഐശ്വര്യ പറഞ്ഞു.

aishwarya, abhishek and araadhya bachchan

രാജ്യം സ്വാതന്ത്യത്തിന്‍റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും കാലത്തെക്കുറിച്ചും ആശങ്കയുണ്ട് എന്ന് ഐശ്വര്യാ റായ്.

‘ഒരു രക്ഷിതാവെന്ന നിലയില്‍ ആദ്യം ആലോചിക്കുന്നത് സുരക്ഷയെക്കുറിച്ചാണ്. മക്കളെക്കുറിച്ച് ഏറ്റവും നാച്ചുറലായി തോന്നുന്ന ഒരു വികാരമാണത്.’ ഐശ്വര്യ പറയുന്നു.

ബി പോസിറ്റീവ് എന്ന വാചകത്തില്‍ വിശ്വസിക്കുന്ന ആളാണ്‌ താന്‍ എന്നും തന്‍റെ വീക്ഷണം എപ്പോഴും ശുഭാപ്തി വിശ്വാസത്തിലേക്കാണ് എന്നും ഐശ്വര്യ കൂട്ടി ചേര്‍ത്തു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായി എത്തിയ ഐശ്വര്യ അവിടെ വച്ച് രാജീവ്‌ മസന്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  നിറഞ്ഞ സ്നേഹത്തോടെയാണ് മെല്‍ബണ്‍ അവരെ സ്വീകരിച്ചത്.

മകള്‍ ആരാധ്യയോടോപ്പമാണ് ഐശ്വര്യ മെല്‍ബണില്‍ എത്തിയത്. വളരെ ചെറുപ്പം മുതല്‍ അമ്മയോടൊപ്പം യാത്ര ചെയ്യാറുള്ള ആരാധ്യയ്ക്ക് അമ്മ ചെയ്യുന്ന ജോലി എന്താണെന്നും ആരാധകരും കൂടി ഉള്‍പ്പെട്ടതാണ് തങ്ങളുടെ ലോകമെന്നും അറിയാം എന്ന് ഐശ്വര്യ പറഞ്ഞു.

‘അഞ്ചര വയസ്സായി ആരാധ്യയ്ക്ക്. ഇപ്പോള്‍ അവള്‍ക്കറിയാം ഞങ്ങള്‍ എല്ലാവരും അഭിനേതാക്കളാണെന്ന്. ഞങ്ങള്‍ അഭിനയിച്ച സിനിമകള്‍ കാണിച്ചു കൊണ്ടുത്തല്ല ആ തിരിച്ചറിവ് ഉണ്ടാക്കിയത്. വളര്‍ന്നപ്പോള്‍ അവള്‍ സ്വാഭാവികമായി മനസ്സിലാക്കിയതാണ്.’

ആരാധ്യയ്ക്കൊപ്പം

തങ്ങളുടെ അച്ഛനമ്മമാര്‍ തങ്ങളെ എങ്ങനെ വളര്‍ത്തിയോ അതേ രീതിയില്‍ തന്നെയാണ് താനും അഭിഷേകും മകളെ വളര്‍ത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്‍റെ രക്ഷിതാക്കള്‍ എന്നെയും എന്‍റെ സഹോദരനെയും എങ്ങനെ വളര്‍ത്തിയോ അത് പോലെ തന്നെയാണ് ഞാന്‍ ആരാധ്യയെ വളര്‍ത്തുന്നത്. അത് ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. ഞങ്ങള്‍ അനുഭവിച്ച ജീവിതം, പാഠങ്ങള്‍ ഇതൊക്കെ അവളിലേക്ക്‌ എന്‍റെ ഒരു എക്സ്ടെന്‍ഷനായി തന്നെയാണ് പകര്‍ന്നു കിട്ടുന്നത്.’

മെല്‍ബണിലെ ഫെഡറേഷന്‍ സ്ക്വറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ അമ്മയോടൊപ്പം എത്തിയിരുന്നു ആരാധ്യ. അവിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ആദ്യ വനിതയാണ് ഐശ്വര്യ. ഈ നഗരം വളരെ പ്രിയപ്പെട്ടതാണ് എന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോമണ്‍ വെല്‍ത്ത് ഗെയിസിന്‍റെ ഉത്ഘാടന വേളയില്‍ മെല്‍ബണില്‍ എത്തിയപ്പോള്‍ തന്നെ വീണ്ടും വരണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു.

‘ധൂം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ നിന്നുമാണ് അന്ന് ഞാന്‍ ഇവിടെയെത്തിയത്. വന്നപ്പോള്‍ നല്ല പനിയുണ്ടായിരുന്നു. എങ്കിലും കൊറിയോഗ്രാഫര്‍ ഷാമക്ക്‌ ദാവറിന്റെ സഹായത്തോടെ അന്ന് സ്റ്റേജില്‍ നൃത്തം അവതരിപ്പിച്ചു. അന്ന് ഇവിടുത്തെ കാണികള്‍ നല്‍കിയ സ്നേഹാദരങ്ങള്‍ മറക്കാനാവില്ല’.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: As parent one is concerned aishwarya rai bachchan