പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ. ഡെവൊള്‍ (D’YAVOL) എന്ന ഫാഷന്‍ ബ്രാന്‍ഡാണ് ആര്യൻ ആരംഭിച്ചിരിക്കുന്നത്. പിന്തുണയുമായി ആര്യനൊപ്പം ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നീ പങ്കാളികളുമുണ്ട്. ലക്ഷ്വറി പ്രൊഡക്റ്റുകളാണ് ഈ ബ്രാൻഡിലൂടെ വിപണിയിലെത്തുക. ആദ്യം പ്രീമിയം മദ്യമാണ് ഡെവൊൾ വിപണിയിലെത്തിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
“ലൈഫ്സ്റ്റൈൽ ലക്ഷ്വറി ബ്രാൻഡ് എന്ന ആശയം പിറന്നിട്ട് ഏകദേശം 5 വർഷമായി. ഒടുവിൽ ഡെവൊൾ എത്തിയിരിക്കുന്നു,” ആര്യൻ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“അഭിനിവേശമുള്ളത് പിന്തുടരുന്നതിൽ ഞങ്ങളെല്ലാവരും വിശ്വസിക്കുന്നു. എന്റെ അമ്മ ഒരു നിർമ്മാതാവാണ്, അതേസമയം, അമ്മയ്ക്ക് ഇന്റീരിയർ ഡിസൈൻ ഇഷ്ടമാണ്. അത് ചെയ്യാൻ ഇഷ്ടപ്പെടുന്നതിനാൽ അമ്മ അതിൽ നിന്നും വിജയകരമായൊരു ബിസിനസ്സ് ഉണ്ടാക്കി. എന്റെ അച്ഛൻ ഒരു നടനാണ്, പക്ഷേ അദ്ദേഹത്തിന് ഒരു VFX സ്റ്റുഡിയോ ഉണ്ട്, ഒരു പ്രൊഡക്ഷൻ കമ്പനിയുണ്ട്, ഞങ്ങൾക്ക് സ്പോർട്സ് ഇഷ്ടമായതിനാൽ, ഏകദേശം 10 വർഷം മുമ്പ് ഞങ്ങൾ അതിൽ പ്രവേശിച്ചു. ഇപ്പോൾ, ഒരു ആഗോള കായിക ഫ്രാഞ്ചൈസി വികസിക്കുകയും നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു, ” പുതിയ ബിസിനസ്സിൽ ഷാരൂഖ് ഖാനും ഗൗരി ഖാനും എത്രത്തോളം പിന്തുണ നൽകിയെന്ന ചോദ്യത്തിന് ആര്യൻ പറഞ്ഞ മറുപടിയിങ്ങനെ.
അടുത്തിടെ, പുതിയ വെബ് സീരീസിലൂടെ എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ താൻ അരങ്ങേറ്റം കുറിക്കുമെന്നും ആര്യൻ പ്രഖ്യാപിച്ചിരുന്നു. ഒരേസമയം നിരവധി പ്രോജക്റ്റുകളിൽ ജോലി ചെയ്യുന്നതിനാൽ ഒരു ദിവസം 4 മുതൽ 5 മണിക്കൂർ മാത്രമേ തനിക്ക് ഉറങ്ങാൻ കഴിയുന്നുള്ളൂവെന്നും എന്നാൽ ഈ പ്രക്രിയ താൻ നന്നായി ആസ്വദിക്കുന്നുവെന്നും ആര്യൻ കൂട്ടിച്ചേർത്തു.