തന്റെ വിവാഹതിയ്യതി പ്രഖ്യാപിച്ച് വാലന്റെൻസ് ഡേയിൽ ആരാധകർക്ക് സർപ്രൈസ് നൽകുകയാണ് നടൻ ആര്യ. സയേഷയുമായുള്ള വിവാഹം മാർച്ചിൽ ഉണ്ടാവുമെന്നാണ് ആര്യ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. “ഞങ്ങളുടെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കുറിച്ചുള്ള വാർത്ത പങ്കിടുന്നു. മാർച്ചിൽ ഞങ്ങൾ വിവാഹിതരാവുന്നു. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയ്ക്ക് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും വേണം,” എന്നാണ് ട്വിറ്ററിൽ ആര്യ കുറിച്ചത്.

ആര്യയുടെ ട്വിറ്റീനു പിറകെ നിരവധി പ്രമുഖരാണ് ആശംസകളും അനുമോദനങ്ങളുമായി എത്തിയത്. “മച്ചാ… അഭിനന്ദനങ്ങൾ. തനിച്ചുള്ള അവസാന ഹാപ്പി വാലന്റൈൻസ് ഡേയ്ക്ക് ആശംസകൾ,” എന്നാണ് തമാശ രൂപേണ റാണാ ദഗ്ഗുബാട്ടി ആശംസിച്ചത്. ‘മിസ്റ്റർ റൊമാന്റികിന് ആശംസകൾ’ എന്ന വാക്കുകളോടെ ‘രാജാറാണി’ സംവിധായകൻ ആറ്റ്ലിയും ആര്യയ്ക്കും സയേഷയ്ക്കും ആശംസകൾ നേർന്നിട്ടുണ്ട്. സൂര്യ, വിഷ്ണു വിശാൽ, രാധിക ശരത്കുമാർ എന്നിവരും ആശംസകളുമായി രംഗത്തുണ്ട്.

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖിൽ’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടൻ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ൽ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook