രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറായ ആര്യ രാജേന്ദ്രന്‍. തലസ്ഥാന നഗരത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യയെന്ന ഇരുപത്തിയൊന്നുകാരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇപ്പോൾ. ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.
ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ നല്ല രീതിയിൽ കൊണ്ടുപോവാൻ ആര്യയ്ക്ക് കഴിയട്ടെ എന്നാശംസിച്ച മോഹൻലാൽ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പറഞ്ഞു. ആശംസകൾക്ക് നന്ദി പറഞ്ഞ ആര്യ താരവുമായി വിശേഷങ്ങൾ പങ്കിട്ടു. ലാലേട്ടന്റെ വീടിന്റെ അടുത്താണ് തന്റെ വീടെന്ന കാര്യവും ആര്യ പറഞ്ഞു..
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. ഇതോടെയാണ് രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.
ബാലസംഘം സംസ്ഥാന പ്രസിഡണ്ടാണ് ആര്യ രാജേന്ദ്രന്‍. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയാണ് ആര്യ. സംസ്ഥാനമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയോടെ ഇറങ്ങിയ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് അധികം നേടാന്‍ സാധിച്ചത്. വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തു. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്.
അതേസമയം മേയര്‍ കെ.ശ്രീകുമാറിന്റെ തോല്‍വി ഇടതുപക്ഷത്തിന് തിരിച്ചടിയായി. ബിജെപിയുടെ സിറ്റിംഗ് സീറ്റിലായിരുന്നു ശ്രീകുമാര്‍ മത്സരിച്ചത്. എകെജി സെന്റുള്ള കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.ജി.ഒലീന പരാജയപ്പെട്ടിരുന്നു. എസ്.പുഷ്പലതയും വിജയം കണ്ടില്ല. മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സ്ഥാനാര്‍ത്ഥികളായിരുന്നു എ.ജി. ഒലീനയും എസ്.പുഷ്പലതയും.
Read more: ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയർ; അപൂർവ നേട്ടം