തമിഴകത്തെ ഏറ്റവും എലിജിബിൾ ബാച്ച്ലർ പട്ടികയിൽ മുൻനിരയിൽ നിന്ന താരങ്ങളാണ് വിശാലും ആര്യയും. ഇരുവരും വിവാഹിതരാവാൻ പോവുന്നു എന്ന അഭ്യൂഹങ്ങളും ഗോസിപ്പുകളും പലതവണ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.​ എന്നാൽ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കുമെല്ലാം വിരാമമിട്ടു കൊണ്ട് അടുത്തിടെയാണ് ഇരുവരും വിവാഹിതരാവാൻ പോവുന്ന വാർത്തകർ സ്ഥിതീകരിച്ചത്. ആര്യ നടി സയേഷയേയും വിശാൽ തെലുങ്കുനടി അനിഷ അല്ല റെഡിയേയും വിവാഹം കഴിക്കുന്നു എന്ന വാർത്തകളെ പ്രേക്ഷകരും സന്തോഷപൂർവ്വമാണ് വരവേറ്റത്. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആര്യയുടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ. വിവാഹത്തിയ്യതി അടുത്തെത്തിയതോടെ സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കുന്ന തിരക്കിലാണ് ആര്യ. മാർച്ച് 9 നാണ് ആര്യയും സയേഷയും തമ്മിലുള്ള വിവാഹം. തന്നെ വിവാഹം ക്ഷണിക്കാനെത്തിയ ആര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ് വിശാൽ. ” എന്റെ ഹൃദയത്തോട് ഏറ്റവുമടുത്ത ചിത്രം. വിശ്വസിക്കാനാവുന്നില്ല, ഞാനെന്റെ പ്രിയസുഹൃത്തിന്റെ വിവാഹക്ഷണക്കത്താണ് കയ്യിൽ പിടിക്കുന്നതെന്ന്. ആര്യയ്ക്കും സലേഷയ്ക്കും നല്ലതു മാത്രം വരട്ടെ, ഒരുപാട് സ്നേഹം,” വിശാൽ കുറിക്കുന്നു.

ഫെബ്രുവരി 14 വാലന്റെൻസ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാർച്ചിൽ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. പരമ്പരാഗത മുസ്ലീം വെഡ്ഡിംഗ് രീതിയിലാവും ആര്യയും സയേഷയും വിവാഹിതരാവുക എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 9, 10 തിയ്യതികളിൽ ഹൈദരാബാദിലാവും വിവാഹചടങ്ങുകൾ നടക്കുക. വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സിനിമാരംഗത്തുള്ളവർക്കുമായി ചെന്നൈയിലും പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേർന്ന് ഒരുക്കുന്നുണ്ട്.

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖിൽ’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടൻ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ൽ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുൻപ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

Read more:ആര്യ- സയേഷ വിവാഹം മാർച്ചിൽ

ആര്യ മാർച്ചിൽ വിവാഹിതനാവുമ്പോൾ, ആഗസ്തിലാവും വിശാൽ- അനിഷ വിവാഹം എന്നാണ് വിശാലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ചെന്നൈയിലെ നടികർ സംഘം ബിൽഡിംഗിൽ ആവും തന്റെ വിവാഹചടങ്ങുകൾ നടക്കുക എന്ന് മുൻപൊരു അഭിമുഖത്തിൽ വിശാൽ വെളിപ്പെടുത്തിയിരുന്നു. ” നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്ന് ഞാൻ പറഞ്ഞു. അതിന് അവൾ സമ്മതിച്ചു, അവളോട് അതിന് നന്ദിയുണ്ട്,” ദിന തന്തി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞതിങ്ങനെ. നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ.

”വിശാഖപട്ടണത്തുവച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽനിന്നുള്ളവരായിരുന്നു. അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്.” അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ വെളിപ്പെടുത്തുന്നു. തെലുങ്ക് നടിയാണ് അനിഷ. ‘അര്‍ജുന്‍ റെഡ്ഡി’, ‘പെല്ലി ചൂപ്പുലു’ എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook