2017ലെ ‘കാണേണ്ട സിനിമക’ളുടെ ലിസ്റ്റിലൊന്നുമില്ലാത്ത, ഇക്കൊല്ലത്തെ ഏറ്റവും നല്ല സിനിമ ഇന്നലെയാണ് കേരളത്തിൽ റിലീസ് ചെയ്തിട്ടുള്ളത്. ‘അട്ടക്കത്തി’യും ‘മദ്രാസും’ ‘മായ’യും ‘പരുത്തിവീര’നും ‘ധീര’നും ‘ജോക്കറും’ ‘മാനഗരവു’മൊക്കെ നിർമിച്ച എസ്ആർ പ്രഭുവിന്റെ ബാനറിൽ നവാഗതനായ അരുൺ പുരുഷോത്തമൻ സംവിധാനം ചെയ്ത ‘അരുവി’. കേരളത്തിൽ ഒൻപതു കേന്ദ്രങ്ങളിൽ മാത്രം.

ഫെയ്‌സ്ബുക്ക്‌ ടൈം ലൈനുകളും ഇയർ എൻഡർ ലിസ്റ്റുകളുമെല്ലാം ‘മായാനദി’യിൽ മുങ്ങി മരിക്കുകയാണിപ്പോൾ. ‘മായാനദി’ പോലൊരു ടൈറ്റിൽ മെറ്റഫർ തന്നെയാണ് ‘അരുവി’യും. പേരിൽ ഒളിപ്പിച്ച സിനിമകൾ. ‘മായാനദി’ റൊമാൻസും ക്രൈമും സംഗമിച്ച ബ്രെത്ലെസ്സായൊരോഴുക്കാണെങ്കിൽ ‘അരുവി’ക്കു പല തലങ്ങളാണ്. ഒരേ സമയം ഫാമിലി ഡ്രാമയായും, സോഷ്യൽ അവെർനസ്സ് സിനിമയായും ഇമോഷണൽ ത്രില്ലറായും പൊളിറ്റിക്കൽ സറ്റയറായും ബ്ലാക്ക് കോമഡിയായും ട്രാജഡിയായും നിഹിലിസ്ററ് എക്സ്പ്രെഷനായുമൊക്കെ പല ഴോനറുകളിലൂടെ മാറി മാറിയൊഴുകി ആത്യന്തികമായി മനുഷ്യ മനസ്സിന്റെ പ്രതീക്ഷയെ പ്രകാശിപ്പിക്കുന്നൊരരുവി.

ആന്റി ടെററിസം സ്‌ക്വാഡ് തീവ്രവാദി എന്ന് സംശയിക്കുന്ന ‘അരുവി’ എന്ന പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു മിഡിൽ ക്‌ളാസ് കുടുംബത്തിൽ ജനിച്ചു വളർന്ന തികച്ചും സാധാരണക്കാരിയായ ഒരു പെൺകുട്ടിയെ സമൂഹവും വ്യവസ്ഥിതിയും ചേര്‍ന്ന് ഈയവസ്ഥയിലേക്കെത്തിച്ചതിന്റെ ഫ്ളാഷ്ബാക് സീക്വൻസുകൾ ബാക്ക് ആൻഡ് ഫോർത്ത്‌ ഇന്റർകട്ട് ചെയ്താണ് രചയിതാവ് കൂടിയായ സംവിധായകൻ ആദ്യ പകുതിയിൽ കഥ പറയുന്നത്. ‘കഥയില്ലിതു ജീവിതം’ പോലൊരു ‘സൊൽവതെല്ലാം സത്യം’ ടീവി ഷോയിൽ പങ്കെടുക്കാനെത്തുന്ന അരുവി, ക്രൂവും കണ്ടസ്റ്റൻസുമടങ്ങുന്ന ഇരുപതോളം പേരെ ഗൺപോയന്റിൽ നിർത്തുന്നതാണ് പ്ലോട്ടിന്റെ പരപ്പെങ്കിലും അതിജീവനമാണ് അരുവിയുടെ ആഴം.

ആരുടെ സന്തോഷത്തിനു വേണ്ടിയാണ് വ്യക്തി സ്വാതന്ത്ര്യമില്ലാത്ത ഈ വ്യവസ്ഥിതിയിൽ കാലം കഴിക്കുന്നതെന്ന അരുവിയുടെ ചോദ്യം ആത്‌മവിമർശനത്തിനപ്പുറം നമ്മുടെ സോഷ്യൽ കൺസ്‌ട്രക്റ്റിനെ തന്നെ ഹിസ്റ്റോറിക്കൽ ഓഡിറ്റിംഗിന് വിധേയമാക്കുന്നുണ്ട്. എന്നാലൊരിടത്തും പ്രീച്ചി മൗത്പീസ് ആകുന്നുമില്ലെന്നതാണ് ഇക്കൊല്ലത്തെ തന്നെ മറ്റൊരു മികച്ച ഫെമിനിസ്റ്റ് അനുഭവമായിരുന്ന ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’യെക്കാളും, ഇത്തരത്തിൽ വ്യക്തി/വ്യവസ്ഥിതി ദ്വന്ദസംഘർഷത്തിലൊഴുകിയ ‘മായാനദി’യെക്കാളും അരുവിയുടെ ജൈവികത.

ഏതൊരു ആക്ടറുടെയും സ്വപ്നവേഷമാണ് ആദ്യ സിനിമയിൽ തന്നെ അതിഥി ബാലന്‍ എന്ന നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രകാശം പരത്തുന്ന പെൺകുട്ടിയായും സിനിക്കലായും ദുർബലയായും ബോൾഡായും ഒക്കെ വേഷപ്പകർച്ച സാധ്യമാക്കുന്ന, മുഖ്യധാരാ സിനിമയിൽ പൊതുവെ പ്രോപ്പർട്ടി മാത്രമാകുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റുകൾക്കിടയിലെ ഗ്രേ ഷെയ്ഡിനെയും അടയാളപ്പെടുത്തുന്ന ഒന്ന്. അതിഥിയുടെ ഗ്രയ്‌സും പെർഫോമെൻസും തന്നെയാണ് സ്ക്രിപ്റ്റിനപ്പുറം അരുവിയുടെ ഊർജം. വീടു വിട്ടിറങ്ങേണ്ടി വന്ന അരുവിക്ക്‌ തുണയാകുന്ന ട്രാൻസ്‌ജെൻഡർ എമിലിയുടെ വേഷം ചെയ്ത അഞ്ജലി വരദനും ഗ്ലിസറിനിട്ടു കരയുന്ന ടീവി ഷോ ഹോസ്റ്റ് ശോഭ പാർത്ഥസാരഥിയാകുന്ന ലക്ഷ്മി ഗോപാലസ്വാമിയും അസിസ്റ്റന്റ് ഡയറക്ടറാകുന്ന പ്രദീപ് ആന്റണിയും ജെസ്സിയാകുന്ന ശ്വേതാ ശേഖറും മികച്ച സപ്പോർട്ടിങ് കാസ്റ്റ് ആണ്. ‘റോളിങ്ങ് സാർർർ’ എന്നൊരൊറ്റ ഡയലോഗ് മാത്രം പറയുന്ന ക്യാമറാമാന്‍ പോലും മനസിൽ നിൽക്കും. ലക്ഷ്മിയൊഴികെയുള്ള അഭിനേതാക്കൾ ഏറെക്കുറെ പുതുമുഖങ്ങളാണെന്നതും പ്രേക്ഷകന്റെ മുൻധാരണകൾ ഒഴിവാക്കുന്നുണ്ട്.

കൂടുതല്‍ വായിക്കാം: അതിഥി ബാലന്‍ അഭിമുഖം

ന്യൂജെൻ ടെക്നിക്കൽ ഷോ വർക്കുകൾ ഒന്നുമില്ലെങ്കിലും വെൽമെയ്ഡ് ആണ് അരുവി. അനാവശ്യ ഹെലിക്യാം/ബാക്ക്‌ലൈറ്റ് ഒന്നുമില്ലാതൊരു നവാഗത സംവിധായകന്റെ സിനിമയിറങ്ങാത്ത ടെക്‌നോളജി വിഴുങ്ങിയ കെട്ടകാലത്തും അരുവി അൺപൊലൂറ്റഡ് ആയി നിലനിർത്തിയതിൽ ഷെല്ലി കാലിസ്റ്റിന്റെ സജസ്റ്റീവ് ഷോട്ടുകൾക്കും റെയ്മണ്ട് ഡെറിക്കിന്റെ മാറ്റർ ഓഫ് ഫാക്ട് എഡിറ്റിംഗിനുമുള്ള പങ്ക് ചെറുതല്ല. അരുവിയുടെ നല്ലകാലത്തെ വൈബ്രന്റ് ലൈഫ് കാണിക്കാൻ ഹാൻഡ്‌ഹെൽഡ് ഷോട്സും വാം കളറേസ്സും പിന്നീടങ്ങോട്ട് കഥയുടെ മൂഡ് മാറുമ്പോൾ ഛായാഗ്രഹണ ശൈലിയും മാറുന്നു. ഓർക്കസ്‌ട്രേഷൻ ബഹളങ്ങളില്ലാത്ത നുറുങ്ങു ഗാനങ്ങൾക്കൊപ്പം ബിന്ദു മാലിനിയുടെയും വേദാന്ത് ഭരദ്വാജിന്റെയും പതിഞ്ഞ പശ്ചാത്തല സംഗീതവും സിനിമക്കൊരു ആർട്ട് ഹൌസ് ഫീൽ നൽകി മെലോഡ്രാമയാക്കാതെ നോക്കിയിട്ടുണ്ട്. ‘കുക്കോട്ടി കുന്നാട്ടി’ ട്രാക്കിനൊരു വിന്റേജ് ഇളയരാജ സോംഗ് മൂഡാണെങ്കിൽ സിമന്റ്കാട് ട്രാക്കിലെ സിമന്റ്കാട് എന്ന ആദ്യവാക്ക് തന്നെ നമ്മളെ ചിന്തിപ്പിക്കും. ലൗഡ് സിനിമ അല്ലാത്തതും അരുവിയോടിഷ്ടം.

തമിഴ് സിനിമയിലെ തന്നെ മറ്റൊരു യൂണിക് വർക് ഓഫ് ആർട്ട് ആയ റാമിന്റെ ആദ്യചിത്രം ‘കട്രത് തമിഴി’ന്റെ (തമിഴ് എംഎ/2007) സ്വാധീനവും അരുവിയിൽ പോസിറ്റീവായി നിഴലിക്കുന്നുണ്ടെന്നു തോന്നുന്നു. തമിഴ് റാങ്ക് ഹോൾഡർ രണ്ടായിരം രൂപക്ക് ജോലി ചെയ്യുമ്പോൾ പണ്ട് ഒരേ ക്ലാസ്സിലിരുന്നു തോറ്റ സയൻസ് ഗ്രാജുവേറ്റ് ഐടി/ബിപിഓ കമ്പനിയിൽ രണ്ടു ലക്ഷത്തിനു ജോലി ചെയ്യുന്ന ഏതൊരു മൂന്നാം ലോക രാഷ്ട്രത്തിന്റെയും എക്കണോമിക്കൽ ഡിസ്പാരിറ്റി ആയിരുന്നു തമിഴ് എം എ. തന്റെ കഥ ലോകത്തെ അറിയിക്കാൻ അയാൾ ഒരു ടി വി ചാനൽ ക്യാമറമാനെയാണ് ബന്ദിയാക്കുന്നതെങ്കിൽ അരുവിയിൽ ടി വി ഫ്‌ളോറിലെ ക്രൂവിനെ തന്നെ ബന്ദിയാക്കുകയാണ്. സിനിമയുടെ ഓവർഓൾ മേക്കിങ്ങിലുമുണ്ട് ആ ഒരു മൂഡ്.

അരുവിയിലെ തന്നെ ഒരു ഡയലോഗുണ്ട്. 1000 രൂപ വരുമാനമുള്ളവന് 120 രൂപയ്ക്കു കുപ്പപടം കാണേണ്ടി വരുന്ന അവസ്ഥ. അരുവി നമുക്ക് ഇക്കൊല്ലത്തെ മികച്ച സിനിമ മാത്രമല്ല. വല്ലപ്പോഴുമൊക്കെ മാത്രം സംഭവിക്കുന്ന നല്ല സിനിമയാണ്. ശുദ്ധജലമില്ലാതെ അലയുമ്പോൾ കാണുന്നൊരു കൊച്ചരുവി !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ