അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ് മാന്‍ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലം മുരുകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ നിര്‍മാണത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തിലെ ‘പാഡ് മാന്‍’ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ അനുരാഗ് സിങിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.

കോയമ്പത്തൂരിനടുത്ത് പുതൂര്‍ സ്വദേശിയായ അരുണാചലം പാഡ് നിര്‍മാണത്തിലേക്ക് തിരിയാന്‍ കാരണം അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. 1998ലായിരുന്നു സംഭവം.

‘സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ കഴിയുമെന്നു പറഞ്ഞപ്പോള്‍ എന്റെ ഭാര്യയാണ് പറഞ്ഞത് വീട്ടില്‍ പാല്‍ വാങ്ങുന്നതിന്റെ പകുതി പൈസ അതിനായി പോകുമെന്ന്. ഒരു സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള ചിലവ് 10 പൈസയാണ്. എന്നാല്‍ അത് വില്‍പനയ്‌ക്കെത്തുന്നത് അതിന്റെ 40 ഇരട്ടി വിലയിലാണ്. അതുകൊണ്ട് സ്വന്തമായി പാഡുകള്‍ നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനായി എന്നെ സഹായിക്കാന്‍ ഭാര്യയോടും സഹോദരിയോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരാകരിച്ചു. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഇപ്പോഴും വൃത്തിഹീനമായ പഴന്തുണികളും ന്യൂസ് പേപ്പറുകളുമെല്ലാമാണ് ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്നത്. അങ്ങനെ ഒരാഴ്ചത്തേക്ക് സാനിറ്ററി പാഡ് ഉപയോഗിച്ചു നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. മൃഗത്തിന്റെ രക്തം പാഡില്‍ തേച്ചാണ് ഞാനത് ഉപയോഗിച്ചത്. അതിന്റെ അനുഭവം എങ്ങനെയെന്ന് എനിക്കറിയണമായിരുന്നു. എന്റെ ഭാര്യയ്ക്കും ഈ നാട്ടിലെ മറ്റു പാവപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാനത് ചെയ്തത്. പിന്നീട് ഞാനുണ്ടാക്കിയ ഉത്പന്നം നാട്ടിലെ സ്ത്രീകള്‍ക്കും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികനികള്‍ക്കും വിതരണം സൗജന്യമായി ചെയ്തു. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം.’ അരുണാചലം പറയുന്നു.

അക്ഷയ് കുമാറിനും ട്വിങ്കിൾ ഖന്നയ്ക്കുമൊപ്പം അരുണാചലം

ഇന്ത്യയിലെ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്റെ അനുഭവങ്ങളുമായി അരുണാചലം കടന്നുചെല്ലാറുണ്ട്. ഐഐടികളും ഐഐഎമ്മുകളും അരുണാചലത്തെ സ്വാഗതം ചെയ്യുന്നു. അരുണാചലത്തിന്റെ ഈ സാനിറ്ററി പാഡ് വിപ്ലവത്തിന് 2016ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പാഡ് മാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ തനിക്ക് വളരെ സന്തോഷമുണ്ടായെന്നാണ് അരുണാചലം പറയുന്നത്. തന്റെ സമൂഹത്തിന് ഇതൊരു അഭിമാനമുഹൂര്‍ത്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പണത്തിനോ അല്ലെങ്കില്‍ മറ്റന്തെങ്കിലും ലാഭത്തിനോ വേണ്ടില്ല അരുണാചലം സ്വയം സഹായ സംഘവുമായി ചേര്‍ന്ന് സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കുന്നത്. ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ