വ്യത്യസ്‌തമായൊരു ചിത്രവുമായി അരുൺകുമാർ അരവിന്ദ് എത്തുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അരുൺ കുമാർ അരവിന്ദാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളടങ്ങിയ വിഡിയോ പങ്ക്‌വച്ചത്. കാറ്റ് എന്ന് പേരിട്ടിരിക്കന്ന ചിത്രത്തിൽ മുരളി ഗോപിയും ആസിഫ് അലിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പത്മരാജന്റെ മകനായ പി. അനന്തപത്മനാഭനാണ് കാറ്റിന്റെ തിരക്കഥ എഴുതുന്നത്. പി.അനന്തപത്മനാഭനും അരുൺ കുമാറും ചേർന്നാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്ക്‌വെച്ചത്.

പത്മരാജന്റെ ചില കഥകളിലെ കഥാപാത്രങ്ങൾ ഈ സിനിമയിൽ വരുന്നുണ്ടെന്ന് അരുൺ കുമാർ അരവിന്ദ് പറഞ്ഞു. അതേസമയം അച്ഛന്റെ കഥാപ്രപഞ്ചത്തിൽ നിന്നാണ് ഈ സിനിമക്ക് പ്രചോദനം ലഭിച്ചതെന്ന് അനന്തപത്മനാഭൻ പറഞ്ഞു. കാറ്റ് എന്നാണ് സിനിമയുടെ പേരെന്നും വളരെ ലളിതമായതും ഓർത്തുവയ്ക്കാവുന്നതും ആയതുകൊണ്ടാണ് കാറ്റ് എന്ന് സിനിമയ്ക്ക് പേരിട്ടതെന്നും സംവിധായകൻ പറഞ്ഞു.

kaattu, arun kumar aravind

നാല് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്. 2010ലാണ് കോക്ക്ടെയിൽ എന്ന ചിത്രമെടുത്ത് അദ്ദേഹം വരവറിയിച്ചത്. മലയാള സിനിമാ പ്രേക്ഷകർ അന്ന് വരെ കാണാത്തതരത്തിലുളള ചിത്രമായിരുന്നു കോക്ക്ടെയിൽ. അതിന് ശേഷം ചെയ്‌ത രണ്ട് ചിത്രങ്ങൾ മുരളി ഗോപിയുടെ തിരക്കഥയിലായിരുന്നു. 2012ൽ പുറത്തിറങ്ങിയ ഈ അടുത്ത കാലത്തും 2013ൽ ഇറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും. 2014ൽ ജയമോഹന്റെ തിരക്കഥയിലിറങ്ങിയ വൺ ബൈ റ്റുവാണ് അരുൺ കുമാർ അരവിന്ദിന്റേതായി അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ