പ്രണവ് നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് തനിക്ക് യാതൊരു അവകാശവാദവും ഇല്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. എന്നാല്‍ ചിത്രം ആരെയും നിരശാരാക്കില്ല എന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറിച്ച് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വ്യാജമാണെന്നും അരുണ്‍ ഗോപി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
ചിത്രത്തെ കുറിച്ച് അരുണ്‍ ഗോപി പറഞ്ഞെന്ന രീതിയില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഒടിയന്‍ എന്ന ചിത്രത്തെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതിന് സമാനമായ പ്രസ്താവനകളായിരുന്നു പ്രചരിച്ചത്. ഇതിനെ തളളിയാണ് അരുണ്‍ ഗോപി രംഗത്തെത്തിയത്.
സായ ഡേവിഡാണ് ചിത്രത്തിലെ നായിക. ടോമിച്ചന്‍ മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഡയറക്ഷനും ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിച്ചിരിക്കുന്നു. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
അരുണ്‍ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പ്രിയപെട്ടവരെ…
നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്നേഹത്തോടെ സൃഷ്ട്ടിക്കാൻ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദി.. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും എന്റെ ട്രോളന്മാർക്കും നന്ദി..!!