മലയാളത്തിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനാണ് രഞ്ജിത് ശങ്കര്‍. തന്റെ സിനിമയില്‍ അസിസ്റ്റന്റാകാന്‍ താത്പര്യമുള്ള ആളുകള്‍ക്ക് അവസരമുണ്ടെന്നറിയിച്ചു കൊണ്ട് കഴിഞ്ഞദിവസം രഞ്ജിത് ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിന്, മലയാളത്തിലെ തന്നെ മറ്റൊരു യുവസംവിധായകന്റെ കമന്റും അതിന് രഞ്ജിത് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്.

‘എന്റെ സംവിധാന സഹായിയാകാന്‍ താത്പര്യമുള്ളവര്‍, നിങ്ങള്‍ ചെയ്ത ഒരു ഹ്രസ്വചിത്രത്തിന്റെ ലിങ്ക് എനിക്ക് മെസ്സേജ് ചെയ്യുക’ എന്നതായിരുന്നു രഞ്ജിതിന്റെ പോസ്റ്റ്.

മറ്റൊരു യുവ സംവിധായകന്‍ അരുണ്‍ ഗോപി ഇതിനു താഴെ തന്റെ ചിത്രമായ രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്ത് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രതികരണമാണ് രസകരം. ‘നീ വേണ്ട നീ ഉഴപ്പന്‍ ആണ്’ എന്ന് രഞ്ജിത്ത് മറുപടി നല്‍കിയപ്പോള്‍ അങ്ങനെ പറയരുത് ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് അരുണ്‍ തിരിച്ചു ചോദിച്ചു.

അതിനിടയില്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഒരു കമന്റുമുണ്ട്. ‘അരുണേട്ടാ സന്തോഷായില്ലേ’ എന്ന് കളക്ടര്‍ ബ്രോ അരുണ്‍ ഗോപിയോട് ചോദിച്ചു. ‘ധൃതംഗപുളകിതനായി’ എന്നായിരുന്നു ഇതിന് അരുണ്‍ ഗോപിയുടെ മറുപടി. രഞ്ജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ സംവിധാന സഹായിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒട്ടനവധിയാളുകള്‍ കമന്റുകളിട്ടിട്ടുണ്ട്.

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ഞാന്‍ മേരിക്കുട്ടി എന്ന ചിത്രമാണ് രഞ്ജിത് ശങ്കറിന്റെ അടുത്ത ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റായ രാമലീലയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് അരുണ്‍ ഗോപി. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ