ദിവസങ്ങള്‍ക്ക് മുമ്പാണ് സംവിധായകന്‍ അരുണ്‍ ഗോപി നടിയും തന്റെ അടുത്ത സുഹൃത്തുമായ മീരാ ജാസ്മിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് എന്ന കുറിപ്പോടെയായിരുന്നു അരുണ്‍ ഗോപിയുടെ പോസ്റ്റ്.
എന്നാല്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്. താനും മീരാ ജാസ്മിനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച്, മീരാ ജാസ്മിന്‍ വിവാഹ മോചിതയാകുന്നു അരുണ്‍ ഗോപിയെ വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും അരുണ്‍ ഗോപി പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ജീവിതത്തില്‍ നല്ല സുഹൃത്തുക്കളെ ചേര്‍ത്തു പിടിക്കുമെന്നും സൗഹൃദങ്ങള്‍ പറന്നുയരട്ടെ, പെണ്‍കുട്ടികള്‍ പറന്നുയരുന്ന നാടാണിതെന്നും അരുണ്‍ ഗോപി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അരുണ്‍ ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:
നമസ്‌കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ”ഉയരെ” അങ്ങനെ ഉയരട്ടെ