വേറിട്ട ശബ്ദം കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കിടയിൽ ശ്രദ്ധ നേടിയ ഒരാളാണ് ശ്രീജ രവി. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നു തുടങ്ങി വിവിധ ഇൻഡസ്ട്രികളിൽ തന്റെ കയ്യൊപ്പു ചാർത്തിയ ശബ്ദ കലാകാരി.
ഒരു അഭിമുഖത്തിനിടെ ബേബി ശാലിനി, നയൻതാര, റോമ, കാവ്യാമാധവൻ, എന്നീ നായികമാർക്കെല്ലാം സ്പോട്ട് ഡബ്ബ് ചെയ്യുന്ന ശ്രീജയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഞൊടിയിടയിൽ ശബ്ദം മാറ്റി അമ്പരപ്പിക്കുകയാണ് ശ്രീജ രവി.
ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് (1978) എന്ന ചിത്രത്തിൽ കുട്ടികൾക്ക് ശബ്ദം നൽകിക്കൊണ്ടാണ് ശ്രീജ ഡബ്ബിംഗ് രംഗത്തെത്തുന്നത്. ഒരേസമയം കുട്ടികൾക്കും നായികമാർക്കും ഡബ്ബ് ചെയ്യുന്ന കലാകാരി എന്നതാണ് ശ്രീജയെ വേറിട്ടു നിർത്തുന്നത്. ബേബി ശാലിനി, ബേബി ശ്യാമിലി, മാസ്റ്റർ പ്രശോഭ്, മാസ്റ്റർ വിമൽ, ബേബി അഞ്ജു തുടങ്ങി നിരവധി ബാലതാരങ്ങൾക്കും രേവതി, ലിസ്സി, ചിത്ര, സിതാര, രോഹിണി, ആശ ജയറാം, കാർത്തിക, സുനിത, സുപർണ ആനന്ദ്, ശോഭന, പാർവതി, സിൽക്ക് സ്മിത, സുമ ജയറാം, അഞ്ജു, മാതു, മീന, വിന്ദുജ മേനോൻ, ശ്വേത മേനോൻ, സുചിത്ര, ചാർമിള, അമല, രംഭ, മോഹിനി, കാവേരി, ആനി, ഉർവശി, മഞ്ജുവാര്യർ, ദേവയാനി, ചിപ്പി, ദിവ്യ ഉണ്ണി, നയൻതാര, കാവ്യാമാധവൻ, ശാലിനി, നന്ദി, ഐശ്വര്യറായ്, പ്രിയരാമൻ, വാണി വിശ്വനാഥ്, ജൂഹി ചൗള, ജോമോൾ, സംയുക്തവർമ്മ, മന്യ, ഗീതു മോഹൻദാസ്, ഇന്ദ്രജ, അസിൻ, വസുന്ധര ദാസ്, നിത്യദാസ്, നവ്യ നായർ, ജ്യോതിർമയി, ഗോപിക, ഭാവന, ജ്യോതിക, പ്രിയമണി, മീര വസുദേവ്, മംമ്ത മോഹൻദാസ്, കത്രീന കൈഫ്, സ്നേഹ, റോമ, പത്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, വിമല രാമൻ, ഷർബാനി മുഖർജി, ത്രിഷ, ലക്ഷ്മി റായ്, ഭാമ, അമല പോൾ തുടങ്ങി നൂറിലേറെ നായികമാർക്കും ശ്രീജ ശബ്ദം നൽകിയിട്ടുണ്ട്.
അനിയത്തിപ്രാവ് (ശാലിനി), മിന്നാമിന്നിക്കൂട്ടം (റോമ), ആകാശഗംഗ (ദിവ്യ ഉണ്ണി), അച്ചാമ്മകുട്ടിയുടെ അച്ചായൻ (ചിപ്പി) എന്നീ ചിത്രങ്ങളിലൂടെ നാലു തവണ ഡബ്ബിംഗിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും ശ്രീജ നേടിയിട്ടുണ്ട്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, തമിഴ് നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയും ഈ കലാകാരിയെ തേടിയെത്തി. ഇതിനകം 1500ലേറെ ചിത്രങ്ങൾക്കു വേണ്ടി ഈ കലാകാരി ശബ്ദം നൽകിയിട്ടുണ്ട്.
മനസ്സ്, സേതുബന്ധനം, രാത്രിയിലെ യാത്രക്കാർ, കണ്ടുകൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, വരനെ ആവശ്യമുണ്ട് തുടങ്ങിയ സിനിമകളിൽ ശ്രീജ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിൽ രേവതിയ്ക്കു ശബ്ദം നൽകിയതോടെയാണ് ശ്രീജ ഏറെ ശ്രദ്ധ നേടിയത്. ആ ചിത്രത്തിൽ മാസ്റ്റർ പ്രശോഭിനു ശബ്ദം നൽകിയതും ശ്രീജയായിരുന്നു.
അമ്മയുടെ വഴിയെ ആണ് ശ്രീജയും ഡബ്ബിംഗ് മേഖലയിൽ എത്തുന്നത്. മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന കുഞ്ഞിക്കുട്ടന്റേയും ഡബ്ബിംഗ് കലാകാരി കണ്ണൂർ നാരായണിയുടേയും മകളാണ് ശ്രീജ രവി. ഗായകനായ രവിയാണ് ഭർത്താവ്. തമിഴിലും മലയാളത്തിലും ഡബ്ബിംഗ് കലാകാരിയായി പ്രവർത്തിക്കുന്ന രവീണ ഏകമകളാണ്.