scorecardresearch
Latest News

ഇത്ര മനോഹരമായ സിനിമയിൽ എന്തിനാണ് ആ സീൻ?; ‘കാന്താര’യിലെ ബോഡിഷെയ്മിങ്ങിനെക്കുറിച്ച് മഞ്ജു

സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എന്നാൽ കണ്ടപ്പോൾ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നുമാണ് മഞ്ജു കുറിച്ചത്

ഇത്ര മനോഹരമായ സിനിമയിൽ എന്തിനാണ് ആ സീൻ?; ‘കാന്താര’യിലെ ബോഡിഷെയ്മിങ്ങിനെക്കുറിച്ച് മഞ്ജു

റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങി മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന ചിത്രമാണ് ‘കാന്താര’. മിത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഹൂംബലെ ഫിലിംസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടി, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 16 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 80 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. സെപ്തംബര്‍ 30 നായിരുന്നു ചിത്രം റിലീസിനെത്തിയത്.

ചിത്രം കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം അറിയിച്ച നടി മഞ്ജു പത്രോസിൻെറ പോസ്റ്റാണ് വൈറലാകുന്നത്. സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എന്നാൽ കണ്ടപ്പോൾ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രം ബോഡിഷെയ്മിങ്ങിനും വിധേയമാകുന്നുണ്ടെന്നു മഞ്ജു ചൂണ്ടി കാണിക്കുന്നു. ഇത്ര മനോഹരമായ ചിത്രത്തിൽ ഇങ്ങനെയൊരു സീൻ ഉൾപ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും ഇനിയെങ്കിലും ഇത്തരത്തിലുളള രംഗങ്ങൾ ഉൾപ്പെടുത്തരുതെന്നും മഞ്ജു പറയുന്നു.

“ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്… പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിൻെറ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻെറ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിൻറെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു.. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായിചിരിച്ചു കാണിക്കുന്നു … അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിൻ്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു… ഇത് കണ്ടതും കാണികൾ തീയറ്ററിൽ പൊട്ടിച്ചിരിക്കുന്നു… എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്… ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്…” മഞ്ജു കുറിച്ചു.

ഇതു കണ്ട് ചിരിച്ചവർ ശരീരമൊരു തമാശയല്ലെന്നു മനസ്സിലാക്കണമെന്നും അതു ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാനും അതിനെ കളിയാക്കാനും ആർക്കും അവകാശമില്ലെന്നും മഞ്ജു പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Artist manju pathrose says about kantara movie body shaming scene

Best of Express