പ്രശസ്ത കലാസംവിധായകൻ സുനിൽ ബാബു അന്തരിച്ചു. പ്രൊഡക്ഷൻ ഡിസൈനറായും സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിൽ ഇന്നലെ രാത്രി 8.30 യോടെയാണ് മരണപ്പെട്ടത്.
വർഷങ്ങളായി ചെന്നൈ, മൈസൂർ എന്നിവടങ്ങളിൽ സ്ഥിര താമസമാക്കിയ സുനിൽ ചങ്ങനാശ്ശേരി സ്വദേശിയാണ്.ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗജിനി, തുപ്പാക്കി തുടങ്ങിയ തമിഴ് ചിത്രങ്ങൾക്കൊപ്പം മലയാള ചിത്രങ്ങളായ ഭീഷ്മപർവം, കാസനോവ, ഛോട്ടാ മുംബൈ,ബാംഗ്ലൂർ ഡേയ്സ്, ഉറുമി, അനന്തഭദ്രം, നോട്ട്ബുക്ക് തുടങ്ങി അനവധി ചിത്രങ്ങളുടെ പിന്നണയിൽ അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം സീതാരാമത്തിലും പ്രവർത്തിച്ചു.
സുനിലിനു ആദരാഞ്ജലി അറിയിച്ച് ദുൽഖർ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വളരെ വൈകാരികമായ കുറിപ്പിനു താഴെ അനവധി പേർ ആദരാഞ്ജലി അറിയിച്ചു. വിജയ് ചിത്രം വാരിസിലാണ് സുനിൽ അവസാനമായി പ്രവർത്തിച്ചത്.