മുംബൈ: കഴിഞ്ഞ ആഴ്ചകളില്‍ ബോളിവുഡ് താരങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു. കുനാല്‍ കെമ്മു ഡ്യുക്കാട്ടി സ്ക്രാമ്പ്ലെര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ജീപ്പ് കോംപസ് എസ്‍യുവി ആണ് അക്ഷയ് കുമാര്‍ വീട്ടിലെത്തിച്ചത്. മുന്നാ ഭായ് എംബിബിഎസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ഷാദ് വാസിയാണ് ഇപ്പോള്‍ പുതിയ വാഹനം വാങ്ങിയത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ഡാര്‍ക്ക് എഡിഷനാണ് അദ്ദേഹം വാങ്ങിയത്.

മുംബൈയിലെ ഡ്യുക്കാട്ടി ഇന്‍ഫിനിറ്റി ഷോറും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌പോര്‍ട്സ് ബൈക്ക് ഡെലിവറി ചെയ്യുന്ന ചിത്രത്തില്‍ നടനെയും കാണാന്‍ കഴിയും. ബൈക്കുകളോട് ഏറെ പ്രിയമുളള അര്‍ഷാദ് നേരത്തേ ഒരു ഇന്ത്യന്‍ സ്കൗട്ട് വാങ്ങിയിട്ടുണ്ട്. ഇത് വീട്ടിലിരിക്കെയാണ് പുതിയ ബൈക്കും അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യന്‍ വിപണിയില്‍ 7.77 ലക്ഷം രൂപയാണ് മോണ്‍സ്റ്റര്‍ 797 ബൈക്കിന്റെ എക്സ്‌ഷോറൂം വില.

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ നെയ്ക്കഡ് നിരയിലേക്കുള്ള ചെറിയൊരു അംഗമാണ് മോണ്‍സ്റ്റര്‍ 797. ഇറ്റലിയിലെ മിലാനില്‍ EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ആദ്യമായി ഡ്യുക്കാട്ടി ഇവനെ ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടിയത്. ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍-കൂള്‍ഡ് 803 സിസി L-ട്വിന്‍ എന്‍ജിനിലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ന്റെ കരുത്ത്. 8,250 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 68.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. ട്വിന്‍-ബീം സ്വിങ്ങ് ആമിനൊപ്പം സിംഗിള്‍ പീസ് ട്യൂബുലാര്‍ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമും ചേരുന്നതാണ് മോണ്‍സ്റ്റര്‍ 797 ന്റെ ഘടന.

മുമ്പിലും പിന്നിലുമായുള്ള സസ്‍പെന്‍ഷന്‍ സുഗമമാക്കുന്നത്, ക്രമീകരിക്കാവുന്ന തരത്തിലുള്ള സാഫ് മോണോ ഷോക്കും 43 എംഎം കയാബ് ഡിഎസ്ഡി ഫോര്‍ക്കുമാണ്. ബ്രേക്കിലും എബിഎസിലുമുണ്ട് പ്രത്യേകതകള്‍. മുന്‍ഭാഗത്തെ ടയറില്‍ 320 എംഎം ബ്രെംബോ ബ്രേക്കും പിന്‍ഭാഗത്ത് 245 എംഎം ബ്രേംബോ ഡിസ്‍കുമാണ് ബ്രേക്ക് സംവിധാനത്തിന്റെ ദൗത്യം നിര്‍വഹിക്കുക. 17 ഇഞ്ച് അലോയ് വീലുകളാണ് ഇതിലുള്ളത്.

മുന്‍ഗാമികളുടേതിനു സമാനമായ രൂപകല്‍പന തന്നെയാണ് മോണ്‍സ്റ്റര്‍ 797 ലുമുള്ളത്. മോണ്‍സ്റ്റര്‍ 821 ലേതിന് സമാനമായ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനല്‍ തന്നെയാണ് പുതുതലമുറക്കാരനിലുമുള്ളത്. ചുവപ്പ്, സ്റ്റാര്‍ വൈറ്റ് സില്‍ക്ക്, സ്റ്റീല്‍ത്ത് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ലഭ്യമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook