കാമുകിയും ലിവ് ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം അര്‍മാന്‍ കോഹ്ലിയ്ക്കെതിരെ മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരൂഭായ് അംബാനി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

2015 മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഒരു സുഹൃത്തുവഴിയാണ് നീരുവും അര്‍മാനും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. സാമ്പത്തികത്തിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ വഴക്കിട്ടത്. വഴക്കിനെ തുടര്‍ന്ന് അര്‍മാന്‍ നീരുവിനെ പിടിച്ചു തള്ളുകയും സ്റ്റെയറില്‍ വീണ നീരുവിന്റെ തല പിടിച്ച് ഇടിക്കുകയും ചെയ്തുവെന്ന് ആരോപണുണ്ട്. 326, 504, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംവിധായകന്‍ രാജ്കുമാര്‍ കോഹ്ലിയുടെ മകനായ അര്‍മാന്‍ കോഹ്ലി 1992ല്‍ വിരോധി എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പെട്ടെന്ന് സിനിമകളില്‍ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാന്റെ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് അര്‍മാനെ കാണുന്നത്.

ബിഗ് ബോസ് പരിപാടിക്കിടെ സഹതാരമായ സോഫിയ ഹായത്തിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അര്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ