വിജയ് ദേവരകൊണ്ട നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഷാഹിദ് കപൂര്‍ നായകനായ ‘കബിര്‍ സിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സന്ദീപ് വാങ്ക റെഡ്ഡി തന്നെയാണ് ബോളിവുഡിലും സംവിധാനം ചെയ്യുന്നത്.

ഡോ.കബീര്‍ രാജ് ദേവ് സിങ് എന്ന കഥാപാത്രത്തെയാണ് ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്നത്. ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായാണ് കബീറിനെ പരിചയപ്പെടുത്തുന്നത്.

എന്നാല്‍ പിന്നീട് കാണുന്നത് കബീറിന്റെ താളം തെറ്റിയ നിത്യ ജീവിതമാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാനത്തില്‍ നായികയായ കൈറ അദ്വാനിയേയും കാണിക്കുന്നുണ്ട്. കബീര്‍ സിങ് പഠിക്കുന്ന കോളേജിലെ വളരെ നാണം കുണുങ്ങിയായ വിദ്യാർഥിയായാണ് നായിക പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ഷാഹിദ് കപൂര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചു. ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷ്ണ കുമാര്‍, അശ്വിന്‍ വര്‍ദേ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളില്‍ എത്തും.

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് നായകനായി എത്തുന്നത്. ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണിത്. വര്‍മ്മ എന്ന പേരിലാണ് ചിത്രം തമിഴില്‍ ഒരുങ്ങുന്നത്. ഒരിക്കല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിര്‍മ്മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചിത്രം വീണ്ടും ചിത്രീകരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook