കുട്ടിക്കാലത്ത് താൻ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെലുങ്ക് നടൻ. വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നിലധികം ട്വീറ്റുകളിലൂടെയാണ് താരം തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും നിരവധിപേർ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

“കുട്ടിക്കാലത്ത് ഞാൻ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ഇതല്ലാതെ എന്റെ സങ്കടത്തെ കുറിച്ച് മറ്റെന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. എല്ലാം വല്ലാതെ വേദനിപ്പിക്കുന്നു,” അദ്ദേഹം കുറിച്ചു.

Read More: നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളുടെ പേര് വെളിപ്പെടുത്താതെ “ഒരിക്കലും നീതി ലഭിക്കുന്നില്ല, ക്ഷണികമായ ആശ്വാസം മാത്രമേ ഉണ്ടാകുന്നുള്ളു,” എന്നും അദ്ദേഹം പറഞ്ഞു. “എനിക്കെതിരായി നടന്ന കുറ്റകൃത്യത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. ഒരിക്കലും നീതി ലഭിക്കുന്നില്ല. താത്കാലികമായ ആശ്വാസം മാത്രമേ ലഭിക്കുന്നുള്ളൂ. നിങ്ങളുടെ പുരുഷന്മാരെ നല്ലവരായിരിക്കാൻ പഠിപ്പിക്കുക. ധൈര്യമായിരിക്കുക, സാമൂഹിക വ്യവസ്ഥകൾ തകർക്കുക. നല്ലവരായിരിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാധകർക്കു പുറമേ ആശ്വാസ വാക്കുകളുമായി അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ നിരവധി ചലച്ചിത്ര പ്രവർത്തകർ രംഗത്തു വന്നു.

‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച പ്രിയദർശനി നടന് പിന്തുണയുമായി എത്തി. “ഞാൻ എത്ര ശ്രമിച്ചാലും നിങ്ങൾ നേരിട്ട ആഘാതം എനിക്ക് ഒരിക്കലും മനസിലാക്കാൻ കഴിയില്ല. എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല. പക്ഷെ ഒന്ന് പറയാൻ ആഗ്രഹിക്കുന്നു. ശക്തമായി മുന്നോട്ട് പോകുക. നിങ്ങൾ എല്ലാ പ്രശ്നങ്ങളിൽ നിന്നും പുറത്തുവന്ന് അവയെ നിങ്ങളുടെ കഴിവിനനുസരിച്ച് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങൾ ഒരു പോരാളിയാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു സഹോദരാ! ”

തുറന്നു പറച്ചിലിനു ശേഷം തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“അത്ഭുതപ്പെടുത്തുന്ന ഈ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി. നിങ്ങളുടെ കരുണയോടെയുള്ള വാക്കുകൾ മറ്റെന്തിനെക്കാളും എന്നെ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനങ്ങൾ ശ്രദ്ധിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അവർ അതിജീവിക്കുന്ന ഭീകരമായ അനുഭവങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനുള്ള അറിവോ കഴിവോ അവർക്കില്ല,” താരം പറഞ്ഞ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook