അന്തരിച്ച നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ധടക്കി’ന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങുകയാണ്. അതിന് മുന്നോടിയായി ബോളിവുഡ് താരവും ജാന്‍വിയുടെ സഹോദരനുമായ അര്‍ജുന്‍ കപൂര്‍ തന്റെ അനുജത്തിക്കായി കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

‘നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്.’

‘നീ നന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയങ്ങളുണ്ടാകും എന്നറിയുക. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്,’ അര്‍ജുന്‍ കുറിച്ചു.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോനയുടെ മകനാണ് അര്‍ജുന്‍ കപൂര്‍. ശ്രീദേവി മരിച്ചതോടെ അര്‍ജുനും അനുജത്തി അന്‍ഷുലയും ബോണി കപൂറിനും ജാന്‍വിക്കും ഖുഷിക്കും പിന്തുണയായി കൂടെ തന്നെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ