അമ്മ മോനാ ഷൂരിയെ ഉപേക്ഷിച്ച് അച്ഛൻ ബോണി കപൂർ 1996ൽ ശ്രീദേവിയെ വിവാഹം ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ അർജുൻ കപൂർ. പ്രണയം വളരെ സങ്കീർണ്ണമായ ഒന്നാണെന്ന് അർജുൻ കൂട്ടിച്ചേർക്കുന്നു. മാതാപിതാക്കൾ വേർപ്പിരിഞ്ഞപ്പോൾ അത് അച്ഛനുമായുള്ള തന്റെ ബന്ധത്തെ ഏറെ ബാധിച്ചിരുന്നുവെന്നും അർജുൻ പറയുന്നു.
“ഇതെല്ലാം പൊരുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, അവിടെ സൗഹൃദമുണ്ടാവും, പൂർണതയുണ്ടാവും. നിർഭാഗ്യകരമായ നിരാശയുണ്ടാകും, ആളുകൾ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. നിങ്ങൾക്ക് ആരുമായും പ്രണയത്തിലാകാം, ചിലപ്പോൾ അതിനു ശേഷം മറ്റൊരാളോട് പ്രണയം തോന്നാം, ഇതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്,”
“എന്റെ അച്ഛൻ ചെയ്തതിൽ എനിക്കു കുഴപ്പമില്ലായിരുന്നു എന്നു പറയാൻ കഴിയില്ല. കാരണം കുട്ടിയായിരുന്നപ്പോൾ ഞാനതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്, പക്ഷേ എനിക്കിപ്പോൾ അത് മനസ്സിലാവുന്നുണ്ട്. അത്തരം കാര്യങ്ങൾ സംഭവിക്കുന്നത് നല്ലതാണെന്ന് പറയാനാവില്ല, കാരണം ഞാനെപ്പോഴും അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ബന്ധങ്ങളിലെ ഉയർച്ചതാഴ്ചകളെ കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന വ്യക്തിയെന്ന രീതിയിൽ, യുക്തിബോധത്തോടെ ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്,” ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിനിടെയാണ് അർജുൻ മനസ്സു തുറന്നത്.
2018ൽ ശ്രീദേവി മരിച്ചപ്പോൾ ഉലഞ്ഞുപോയ ബോണി കപൂറിനെയും ജാൻവിയേയും ഖുശിയേയും ചേർത്തുപിടിച്ച അർജുൻ എല്ലാവരുടെയും ശ്രദ്ധ കവർന്നിരുന്നു. “എന്റെ അമ്മ പറഞ്ഞു തന്ന കാര്യങ്ങളാണ് അപ്പോൾ മനസ്സിൽ വന്നത്. അച്ഛന്റെ പ്രണയം കാരണം ഞങ്ങൾക്ക് എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ അച്ഛനൊപ്പമുണ്ടാവണമെന്ന് അമ്മ ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. അച്ഛന്റെ പ്രണയത്തെയും ഞാൻ ബഹുമാനിക്കുന്നു. കാരണം പ്രണയം സങ്കീർണ്ണമാണ്. 2021ൽ നിന്നുകൊണ്ട്, ഒരിക്കലേ നമ്മൾ പ്രണയത്തിൽ വീഴുകയുള്ളൂ എന്ന് പറയുന്നത് വളരെ ബാലിശവും പ്രാകൃതവുമായ ഒരു കാര്യമാണ്. സ്നേഹം സങ്കീർണ്ണമാണ്, കുഴക്കുന്ന ഒന്നാണത്, പ്രണയമെന്നാൽ എപ്പോഴും സ്നേഹം മാത്രമല്ല,” അർജുൻ പറയുന്നു.
2012ൽ അർജുന്റെ ആദ്യചിത്രം റിലീസ് ചെയ്യുന്നതിന് ഒരു മാസം മുൻപായിരുന്നു മോനാ ഷൂരിയുടെ മരണം. ജീവിതത്തിലെ ഓരോ നിമിഷത്തിലും തനിക്ക് അമ്മയെ മിസ്സ് ചെയ്യാറുണ്ടെന്നും അർജുൻ പറയുന്നു, “ഒരു നല്ല മകനാകാൻ ശ്രമിക്കുകയാണ്, കാരണം അതാണ് എന്റെ അമ്മ ആഗ്രഹിക്കുന്നത്.”

ബോണി കപൂർ- ശ്രീദേവി ദമ്പതിമാരുടെ മക്കളായ ജാൻവിയും ഖുശിയുമായും നല്ല അടുപ്പം പുലർത്തുന്ന അർജുൻ തന്റെ സഹോദരി അനുഷുലയ്ക്ക് ഒപ്പം തന്നെ അവരെയും ചേർത്തുപിടിക്കുകയാണ്.
Read more: ഈ നിമിഷം ഏറെ സ്പെഷലാണ്; അനിയത്തി ജാൻവിയെ ചേർത്തു പിടിച്ച് അർജുൻ