ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞുവെന്ന വാർത്തകളെ തള്ളി നടൻ. മലൈകയ്ക്ക് ഒപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്താണ് കിംവദന്തി പ്രചരിച്ചവർക്ക് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നുമാണ് അർജുൻ പോസ്റ്റിനൊപ്പം എഴുതിയത്.
നാലു വർഷത്തിലേറെയായി അർജുനും മലൈകയും പ്രണയത്തിലാണ്. ഇരുവരും വേർപിരിഞ്ഞുവെന്നും മലൈക അതീവ ദുഃഖിതയാണെന്നുമായിരുന്നു വാർത്തകൾ വന്നത്. അർജുനുമായി വേർപിരിഞ്ഞ ദുഃഖത്തിൽ മലൈക ആറു ദിവസമായി വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ലെന്നും ഈ ദിവസങ്ങളിൽ ഒന്നും മലൈകയെ കാണാനായി അർജുൻ വന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്ന മലൈക 2017ലാണ് വിവാഹമോചനം നേടുന്നത്. ഇതിനുശേഷം 2018 ലാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്. അർബാസ് ഖാനുമായുള്ള വിവാഹ ബന്ധത്തിൽ അർഹാൻ എന്നൊരു മകൻ മലൈകയ്ക്കുണ്ട്.
2019 ജൂൺ 26നാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 46 കാരിയായ മലൈകയും 35 കാരൻ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിൽ ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹമോചിതരായി. പിന്നീട് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്യുകയായിരുന്നു.
Read More: ബോയ്ഫ്രണ്ട് അർജുൻ കപൂറിന് ആശംസകൾ നേർന്ന് മലൈക അറോറ