യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.
അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും മകൾ അൻവിയ്ക്കുമൊപ്പം കൈപ്പിടിച്ചു നടക്കുന്ന അർജുനെയാണ് വീഡിയോയിൽ കാണാനാവുക. “അച്ഛന്റെ സ്നേഹം, മുത്തശ്ശന്റെ ലോകം,” എന്നാണ് വീഡിയോ പങ്കുവച്ച് അർജുൻ കുറിച്ചത്. മൂന്നു തലമുറ ഒന്നിച്ചുള്ള വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
നിഖിതയാണ് അർജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.
സമീപകാലത്ത് തിയേറ്ററുകളിലെത്തിയ അജഗജാന്തരം, ജാൻ എ മൻ, മധുരം, രമേഷ് സുമേഷ് എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. മെമ്പർ രമേശൻ ഒമ്പതാം വാർഡ്, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ നായകനായും അർജുൻ എത്തി.