യുവനടൻമാരിൽ ഇന്ന് ഏറെ പ്രശസ്തനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ അർജുനു സാധിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.
നിഖിതയാണ് അർജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് അൻവി എന്നൊരു മകളുമുണ്ട്.
നിഖിതയുടെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ അർജുന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം സംഗീത് നൈറ്റിൽ നിന്നുള്ള ദൃശ്യങ്ങളും വൈറലായിരുന്നു.
സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. അർജുൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം, തുറമുഖം തുടങ്ങിയ ചിത്രങ്ങൾ സമീപകാലത്ത് വലിയ സ്വീകാര്യത നേടുകയുണ്ടായി.