ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാകുകയാണ് യുവനടനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ. സമീപകാലത്ത് ജാൻ എ മൻ, മെമ്പർ രമേശൻ, അജഗജാന്തരം, മധുരം എന്നു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ കയ്യൊപ്പ് പതിപ്പിക്കുവാൻ അർജുന് സാധിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഒരു സന്തോഷമുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അർജുൻ ഇപ്പോൾ. യാത്രകൾക്ക് കൂട്ടായി പുത്തൻ വോക്സ് വാഗൺ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ. വോക്സ് വാഗണിന്റെ പുതിയ മോഡലായ വിർറ്റസ് ആണ് അർജുൻ സ്വന്തമാക്കിയത്. കാൻഡി വൈറ്റ് നിറത്തിലുള്ളതാണ് ഈ വാഹനം. 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് വിർറ്റസ്സിനു വില വരുന്നത്. ഇതിൽ ഏതു വേരിയന്റാണ് അർജുൻ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
വെന്റോയ്ക്ക് പകരക്കാരനായി എത്തിയ വാഹനമാണ് വോക്സ്വാഗൺ വിർറ്റസ്. 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോക്സ്വാഗണിന്റെ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ടയർ പ്രഷർ മോണിറ്റർ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ സെഡാൻ വാഗ്ദാനം ചെയ്യും. റൈസിംഗ് ബ്ലൂ മെറ്റാലിക്, വൈൽഡ് ചെറി റെഡ്, കാർബൺ സ്റ്റീൽ ഗ്രേ, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കുർക്കുമ യെല്ലോ എന്നിങ്ങനെ 6 കളർ ഓപ്ഷനുകളിലാണ് വിർറ്റസ് ലഭ്യമാകുന്നത്.
അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രവും അർജുൻ ഷെയർ ചെയ്തിട്ടുണ്ട്.
സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.