മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങൾ​ സമ്മാനിച്ച വർഷമായിരുന്നു 2019. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ചെരാതുകൾ എന്ന പാട്ട് കഴിഞ്ഞ ഒരു വർഷം മുഴുവൻ മലയാളിയുടെ ചുണ്ടിലുണ്ടായിരുന്നു. ചെരാതുകൾ സൃഷ്ടിച്ച ഓളം ഇപ്പോഴും വിട്ടു പോയിട്ടില്ല. ആ അവസരത്തിലാണ് ബോളിവുഡ് ഗായകൻ അർജിത് സിങ് ഈ പാട്ടിനെ കുറിച്ച് സംസാരിക്കുന്നത്. മാസ്റ്റർപീസ് എന്നാണ് അർജിത് പാട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അൻവര്‍ അലിയുടെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകി സിത്താരയും സുഷിനും ചേര്‍ന്ന് പാടിയ പാട്ടാണ് ചെരാതുകൾ. കുമ്പളങ്ങി രാത്രികളുടെ ഭംഗിയും നെപ്പോളിയന്‍റെ കുടുംബത്തിലെ നാല് മക്കളുടെ ജീവിതവും അവരുടെ വീടുമൊക്കെയാണ് ഈ പാട്ടിൽ കാണിക്കുന്നത്. പതി‍ഞ്ഞതാളത്തിലുള്ള ഈ പാട്ട് ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രളെ അവതരിപ്പിച്ചത് സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, മാത്യു തോമസ്, ഫഹദ് ഫാസിൽ, അന്ന ബെൻ തുടങ്ങിയവരായിരുന്നു.

Read More: നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി ഷാനു; ഫഹദിനോട് നസ്രിയ

മധു സി നാരായണ്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’, ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നാണ് നിര്‍മിച്ചത്.

ബോളിവുഡ്, ബംഗാളി സിനിമാ ഗാനങ്ങളുടെ ശബ്ദമായി മാറിയ അർജിത് സിങ്ങാണ് ഈ ഗാനത്തെ പ്രശംസിച്ചിരിക്കുന്നത്. ഭാഷയുടെ വ്യത്യാസമില്ലാതെ ഇന്ത്യൻ സംഗീ പ്രേമികളുടെയാകെ ഹൃദയം കവർന്ന ഗായകനാണ് അർജിത് സിങ്.

“തും ഹി ഹോ”, “സനം റേ”, “മുസ്‌കുരാനാ കി വജാഹ് തും ഹോ”, “ഹമാരി അധുരി കഹാനി”, “ഹംദർഡ്”, “മന് മസ്ത് മഗൻ”,”കഭി ജോ ബാദൽ ബർസെ”,”സംജാവാൻ”, ചന്‌ന മേരേയ”, “എ ദിൽ ഹൈ മുശ്കിൽ” എന്നിങ്ങനെ നിരവധി ഹിറ്റുകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ഗുജറാത്തി, തമിഴ്, തെലുഗ്, മറാത്തി, അസ്സാമി, കന്നഡ എന്നീ ഭാഷകളിലും പാടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook