Kunchacko Boban film Ariyippu OTT: അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ഉടനെ നെറ്റ്ഫ്ളിക്സിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഈ വർഷം ലൊക്കാർണോയിൽ ഗംഭീര സ്വീകരണം ലഭിച്ച ചിത്രം ഇപ്പോൾ ബി എഫ് ഐ ലണ്ടൻ ചലച്ചിത്രമേളയിലും കയ്യടി നേടുകയാണ്.
കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ ഒരു ഗ്ലൗസ് നിർമാണശാലയിൽ ജോലി ചെയുന്ന രണ്ടുപേരുടെ ഒരു വീഡിയോ കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 17 വർഷത്തിന് ശേഷം ലൊക്കാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതികൂടി അറിയിപ്പിന് സ്വന്തം. ബുസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കും.
“ചലച്ചിത്രമേളകളിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിനും ആദരത്തിനും ഒരുപാട് നന്ദി. 17 വർഷത്തിന് ശേഷം ലൊക്കാർണോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാകാൻ കഴിഞ്ഞതിലും ബുസാൻ ചലച്ചിത്രമേളയിൽ അവസരം കിട്ടിയതിലും ഒരുപാട് സന്തോഷമുണ്ട്. മനഃസാക്ഷിയുമായി ഓരോരുത്തരം നടത്തുന്ന മാനസികമായ പോരാട്ടങ്ങളാണ് ഈ ചിത്രത്തിലുള്ളത്,” സംവിധായകൻ മഹേഷ് നാരായണൻ സന്തോഷം പങ്കുവയ്ക്കുന്നു.
ചലച്ചിത്രമേളയിലെ പ്രദർശനത്തിന് ശേഷം ചിത്രം നേരിട്ട് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നും മഹേഷ് നാരായണൻ പറയുന്നു. “ഞങ്ങളുടെ ഓരോരുത്തരു൦ ഈ ചിത്രത്തിന് വേണ്ടിയെടുത്ത കഷ്ടപ്പാടുകൾ മനസിലാക്കി ആളുകളിലേക്ക് എത്തിക്കാൻ നെറ്റ്ഫ്ലിക്സിനെക്കാൾ മികച്ച മറ്റൊരു പ്ലാറ്റ്‌ഫോം ഇല്ല . 190 രാജ്യങ്ങിലെക്ക് ഈ ചിത്രം നെറ്റ്ഫ്ലിക്സ് വഴിയെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതികരണമെങ്ങനെയായിരിക്കു൦ എന്നറിയാൻ ആഗ്രഹമുണ്ട്,” മഹേഷ് കൂട്ടിച്ചേർത്തു.
60 ലധികം ചിത്രങ്ങളിൽ എഡിറ്ററായി ജോലിചെയ്ത മഹേഷ് നാരായണൻ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കെത്തിയത്. സി യു സൂൺ, മാലിക് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ്, ഫഹദ് ഫാസിൽ നായകനായ മലയൻകുഞ്ഞിലൂടെ ഛായാഗ്രാഹണ മേഖലയിലും അരങ്ങേറ്റം നടത്തി.
കുഞ്ചാക്കോ ബോബന്റെ നിർമ്മാണ കമ്പനിയായ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിലെ ആദ്യ ചിത്രമാണ് അറിയിപ്പ്. ഉദയ സ്റ്റുഡിയോസും മഹേഷ് നാരായണന്റെ പ്രൊഡക്ഷൻ കമ്പനിയായ മൂവിങ് നരേറ്റീവ്‌സും ഷെബിൻ ബെക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.