2017 ഐസിസി ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുമ്പൊന്നും ഇല്ലാത്ത വിധം ശ്രദ്ധിക്കപ്പെട്ടത്. നീലപ്പടയില്‍ നിന്നും പുതിയ താരങ്ങളുടെ കൂടി ഉദയത്തിനാണ് ഇക്കഴിഞ്ഞ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. മിഥാലി രാജിന്റെ വെടിക്കെട്ട് ബാറ്റിംഗും ജുലന്‍ ഗോസ്വാമിയുടെ കുന്തമുന ബോളിംഗും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്മൃതി മന്ദാനയുടേയും ഹര്‍മന്‍പ്രീത് കൗറിന്റേയും ആവിര്‍ഭാവത്തിനും ലോകകപ്പ് വേദിയായി. ചുരുക്കിപ്പറഞ്ഞാല്‍ ടൂര്‍ണമെന്റിന് ശേഷം എല്ലാ കണ്ണുകളും ഇന്ത്യന്‍ പെണ്‍പുലികളിലേക്കായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം അംഗങ്ങള്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിയില്‍ മത്സരിക്കാനെത്തി. മത്സരത്തിനിടെ സ്മൃതി മന്ദാനയ്ക്ക് തന്റെ പ്രിയ ആരാധനാപാത്രമായ അരിജിത് സിംഗിനോട് സംസാരിക്കാന്‍ അവസരം ഉണ്ടായി.

അരിജിതിന്റെ ‘ചന്നാ മേരേയാ’ എന്ന ഗാനം ക്രീസിലേക്ക് പോകും മുമ്പ് താന്‍ കേട്ടിരുന്നതായും ഫോണിലൂടെ രണ്ട് വരി പാടണമെന്നും സ്മൃതി അരിജിതിനോട് അഭ്യര്‍ത്ഥിച്ചു. ആരാധികയുടെ അഭ്യര്‍ത്ഥന മാനിച്ച അരിജിത് ഫോണിലൂടെ നാല് വരി പാടുകയും ചെയ്തു. ജുലാന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, മിഥാലി രാജ്, പൂനം റാവത്ത്, വേദാ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ്മ, പരിശീലകനായ തുഷാര്‍ അരോതെ എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ