ഒഎന്‍വി കുറുപ്പ് എഴുതിയത് പോലെ, ‘ആത്മാവില്‍ മുട്ടി വിളിക്കുന്ന’ ചില ഗാനങ്ങളുണ്ട്. മനസിലേക്ക് കടന്ന് അവിടെത്തന്നെ നിലയുറപ്പിക്കുന്നവ. അങ്ങനെ ചില ഗാനങ്ങള്‍ ആലപിച്ച് ബോളിവുഡ് പിന്നണി ഗാനരംഗത്ത്‌ നിലയുറപ്പിച്ച ചെറുപ്പക്കാരനാണ് അരിജിത് സിങ്. 30 വയസുകാരനായ അരിജിത് 2007ല്‍ സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ ‘സാവരിയാ’യില്‍ തുടങ്ങി ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്‌ എന്നീ ഭാഷകളിലായി മുന്നൂറോളം സിനിമാ-സിനിമേതര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘സാവരിയാ’യിലെ ‘യൂ ശബ്നമി’ എന്ന ഗാനമാണ് ആദ്യം റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതെങ്കിലും ആദ്യം പുറത്തു വന്ന ചലച്ചിത്ര ഗാനം ‘മര്‍ഡര്‍ 2’ലെ ‘ഫിര്‍ മുഹബ്ബത്ത്’ എന്ന ട്രാക്ക് ആണ്. എന്നാല്‍ ‘ആഷിഖി 2’വിലെ ‘തും ഹി ഹോ’ ആണ് അർജിത് സിങ് എന്ന ഗായകന്‍റെ വരവറിയിച്ചത്. ‘ചന്നാ മേരെയാ’, ‘ഫിര്‍ ഭീ തുംകോ ചാഹൂംഗാ’, ‘ആയത്’, ‘രാബ്താ’, ‘സംജ്ഹാവാ’, ‘ലാല്‍ ഇഷ്ക്’ തുടങ്ങിയവ ഉള്‍പ്പടെ പ്രശസ്തമായ ഒരു പിടി ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്നിട്ടുണ്ട്.

പ്രണയ ഗാനങ്ങളാണ് അരിജിത് കൂടുതലും പാടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അവയുടെ സ്വീകാര്യതയും വലുതായിരുന്നു.

രാജ്യമെമ്പാടുമുള്ള കാമുകന്മാരുടെ സ്നേഹത്തിന്‍റെയും വേദനയുടെയും ശബ്ദമായി മാറി അരിജിത്. രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിങ്, ആദിത്യ റോയ് കപൂര്‍, അർജുന്‍ കപൂര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ നായകന്മാരുടെ ചിത്രങ്ങളിലെല്ലാം ഒഴിച്ച് കൂടാനാവാത്ത സാന്നിദ്ധ്യമായി.

സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ ‘തൂ സഫര്‍ മേരാ’ (യേ ദില്‍ ഹൈന്‍ മുഷ്കില്‍), ‘തുജ്ഹെ യാദ് കര്‍ലിയാഹേ ആയത് കി തരാ’ (ബാജി റാവു മസ്താനി), ‘മസ്ത് മഗന്‍’ (ടു സ്റ്റേറ്റ്സ്), ‘മന്‍വാ ലാഗേ’ (ഹാപ്പി ന്യൂ ഇയര്‍), ‘അഗര്‍ തും സാത് ഹോ’ (തമാശാ),’യേ ഫിതൂര്‍ മേരാ’ (ഫിതൂര്‍), ‘കബീരാ’ (യേ ജവാനി ഹേ ദിവാനി) എന്നിങ്ങനെ ധാരാളം പ്രണയ ഗാനങ്ങള്‍ അരിജിത് ശബ്ദം കൊണ്ടനശ്വരമാക്കിയിട്ടുണ്ട്.

എന്നാല്‍ അങ്ങനെ ഒരു വിഭാഗത്തിലേക്ക് മാത്രം തന്‍റെ ഗാനങ്ങളെ തളച്ചിടരുത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് ഡോട് കോമിനോട് സംസാരിക്കവേ അരിജിത് സിങ് പറഞ്ഞു.

“പ്രണയം, പ്രണയഭംഗം എന്നിങ്ങനെയുള്ള ‘സ്റ്റീരിയോടൈപ്പി’ല്‍ കുടുങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ ഗാനങ്ങളും ഞാന്‍ ഹൃദയത്തില്‍ നിന്ന് തന്നെയാണ് ആലപിക്കുന്നത്. എല്ലാ ഗാനങ്ങള്‍ക്കും കൊടുക്കുന്ന ശ്രദ്ധയും സമര്‍പ്പണവും എന്നെ സംബന്ധിച്ച് ഒന്ന് തന്നെയാണ്.”

താന്‍ പാട്ട് തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും അരിജിത് അഭിമുഖത്തില്‍ വിശദീകരിക്കുകയുണ്ടായി.

“പല കാരണങ്ങള്‍ കൊണ്ടാണ് ഒരു പാട്ട് തിരഞ്ഞെടുക്കുന്നത്. സംഗീത സംവിധായകനുമായുള്ള ബന്ധമായിരിക്കാം, ചിത്രത്തിന്‍റെ സംവിധായകനോടുള്ള ഇഷ്ടമായിരിക്കാം, ചിലപ്പോള്‍ ചിത്രത്തിന്‍റെ കഥ നമ്മളെ വല്ലാതെ ബാധിക്കും, ചിലപ്പോള്‍ പാട്ട് നമ്മിലേക്ക്‌ വയ്ക്കുന്ന ഒരു വെല്ലുവിളി ഏറ്റടുക്കാനുള്ള തോന്നല്‍ ആയിരിക്കും – അങ്ങനെ ഒരുപാട് കാരണങ്ങള്‍ കാണും.

വ്യത്യസ്തരായ സംഗീത സംവിധായകരുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും അതില്‍ പ്രധാനമാണ് എന്നും അരിജിത് കൂട്ടിച്ചേര്‍ക്കുന്നു.

“പുതിയ കംപോസര്‍മാരുമായി ഇടപെടുന്നത് നമ്മുടെ മുന്നില്‍ അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നു തരും. അതുകൊണ്ട് ആ ചാന്‍സ് ഒരിക്കലും കളയാറില്ല. ഇന്ത്യയിലും, ഇന്ത്യയ്ക്ക് പുറത്തുമുള്ള, ഞാന്‍ ഇതുവരെ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലാത്ത എല്ലാ സംഗീത സംവിധായകരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്നു.

എന്ത് മാത്രം പ്രതിഭകളാണ് നമുക്ക് ചുറ്റും. അതില്‍ ഒന്നോ രണ്ടോ പേരുടെ കൂടെ മാത്രം ജോലി ചെയ്തിട്ട് എന്താണ് കാര്യം. എല്ലാവരുമായും സഹികരിച്ച് കൂടുതല്‍ മഹത്തരമായ സംഗീതം ഉണ്ടാക്കണം എന്നതാണ് എന്‍റെ ലക്ഷ്യം.

 

ഇന്ന് എത്തി നില്‍ക്കുന്ന പ്രശസ്തിയുടെ തണലില്‍ തനിക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെങ്കിലും തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല എന്നും അരിജിത് വെളിപ്പെടുത്തി. പാടാന്‍ ഏറ്റവും പ്രയാസമുള്ള ഗാനങ്ങള്‍ ഏതായിരുന്നു എന്നതിന് മറുപടിയായാണ്‌ അരിജിത് ഇങ്ങനെ പറഞ്ഞത്.

“എങ്ങനെ പാടണം എന്നതിനെക്കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചു കൂട്ടിയത് കൊണ്ടാവണം കരിയറിന്‍റെ തുടക്കത്തില്‍ ഞാന്‍ പാടിയ ഗാനങ്ങള്‍ പാടാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.

സിനിമയില്‍ ഒരു പേരുണ്ടാക്കണം എന്ന തത്രപ്പാടില്‍ ആ ഗാനങ്ങള്‍ക്ക് ഒരു ‘പേഴ്സണല്‍ ടച്ച്‌’ കൊടുക്കണം എന്ന ചിന്തയൊന്നും മനസിലൂടെ പോയതേയില്ല അക്കാലത്ത്. സംഗീത സംവിധായകന്‍ പറയുന്നത് അതുപോലെ പാടും, അത്ര തന്നെ.”

ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്‌ എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള അരിജിത് താന്‍ പാടാത്ത മറ്റു ഭാഷകളിലും പാടാന്‍ അവസരം കിട്ടണം എന്നാഗ്രഹിക്കുന്നുണ്ട്.

“വിവിധ ശാഖകളില്‍ പെട്ട ഗാനങ്ങള്‍ പാടുന്നത് പോലെ വിവിധ ഭാഷകളിലും പാടണം എന്ന് ആഗ്രഹമുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്‍റെ കഴിവുകളെ വിപുലീകരിക്കാന്‍ അത് സഹായിക്കും.”

ലൈവ് പെര്‍ഫോമന്‍സുകളില്‍ അരിജിത് കൂടുതലും പാടുന്നത് മറ്റു ഗായകരുടെ ഗാനങ്ങള്‍ ആണ്.
“എനിക്ക് ഇഷ്ടമുള്ള ചില ഗാനങ്ങളുണ്ട്. ഞാന്‍ പാടിയതല്ലെങ്കിലും മറ്റുള്ളവര്‍ അവര്‍ അവരുടെ സിഗ്നേച്ചറില്‍  ഭംഗിയായി പാടി വച്ചവ. അത് വീണ്ടും പാടുന്നത് എനിക്ക് സന്തോഷം തരുന്നു. ഇത് ഞാന്‍ പാടിയിരുന്നെങ്കില്‍ എന്നാശിക്കുന്നതില്‍ കാര്യമില്ല. കാരണം ഓരോ ഗായകരും അവരുടേതായ രീതിയില്‍ പാടുന്ന പാട്ടിനോട് നീതി പുലര്‍ത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു.”, അരിജിത് പറഞ്ഞു നിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ