സിനിമാ ലോകത്തെ പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും എന്നും ചൂടുപിടിച്ച വാര്‍ത്തകളാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ വാഴുന്ന ബോളിവുഡ് താരങ്ങളുടെ പ്രണയ ബന്ധങ്ങള്‍. നിലവില്‍ ബോളിവുഡില്‍ ഏറ്റവും ശ്രദ്ധേയരായ പ്രണയിതാക്കളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ബോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുവരും തമ്മില്‍ വേര്‍പിരിയലിന്റെ അടുത്തെത്തിയാണ് വിവരം.

കഴിഞ്ഞ ആഴ്ചകളില്‍ ബോളിവുഡ് വാര്‍ത്താ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇരുവരും തമ്മില്‍ വഴക്കാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന സൂചന നല്‍കി ഇരുവരും കഴിഞ്ഞ ദിവസം രാത്രി രണ്‍വീര്‍ സിങ് ചിത്രം ‘ഗല്ലി ബോയ്’യുടെ പ്രത്യേക പ്രദര്‍ശനം കാണാനെത്തി. എന്നാല്‍ പ്രദര്‍ശനത്തിന് ഇരുവരും എത്തിയപ്പോള്‍ ചില പാപ്പരാസി ക്യാമറാ കണ്ണുകള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

ഇരുവരും തമ്മില്‍ കാറില്‍ വച്ച് നടത്തിയ വാഗ്‌വാദത്തിന്റെ രംഗങ്ങളാണ് പാപ്പരാസികള്‍ പുറത്ത് വിട്ടത്. രണ്‍ബീര്‍ കപൂര്‍ ആലിയയോട് പരുഷമായ രീതിയില്‍ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ പുറത്ത് വന്നതോടെ ആലിയയുടെ ആരാധകര്‍ രണ്‍ബീറിനെതിരെ രംഗത്തെത്തി. നടനെ ഉപേക്ഷിക്കാനാണ് ആലിയയോട് ആരാധകരുടെ ഉപദേശം. ആലിയ നിഷ്കളങ്കയാണെന്നും രണ്‍ബീറുമായി ഒത്തുപോവാന്‍ സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

‘ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ആലിയ ചെയ്യുന്നത്. അടുത്ത് തന്നെ ആലിയ ഇത് തിരിച്ചറിഞ്ഞ് നല്ല ഒരാളുമായി ചേരുമെന്നാണ് കരുതുന്നത്,’ ഒരു ആരാധിക കമന്റ് ചെയ്തു. ‘രണ്‍ബീര്‍ എപ്പോഴും ദേഷ്യക്കാരനും ക്ഷമയില്ലാത്തയാളുമാണ്. സഹോദരി, എന്തിനാണ് അയാളെ സഹിക്കുന്നത്? മറ്റൊരാളെ സ്നേഹിച്ച് സന്തോഷമായി ജീവിക്കൂ,’ മറ്റൊരു ആരാധിക ഉപദേശിച്ചു.

അതേസമയം, താനും രണ്‍ബീറുമായുളള ബന്ധം വലിയ ചര്‍ച്ചയാവുന്നതില്‍ താന്‍ ആശങ്കാകുലയാണെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ ആലിയ പറഞ്ഞിരുന്നു. ‘ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ അവിടേം ഇവിടേം തൊടാതെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ മുഴുവനായും ഞങ്ങളുടെ ബന്ധത്തെ കുറിച്ചാണ് സംസാരം,’ ആലിയ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook