പ്രശസ്ത അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്‌ അന്തരിച്ചു. 83 വയസ്സായിരുന്നു. രാഷ്ട്രീയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ് സൊളാനസ്. ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെയും ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളുടെയും മുൻനിരയിലുള്ള സൊളാനസ്സിനു സിനിമ പോലെ തന്നെയാണ് ജീവിതവും. അർജന്റീനിയൻ രാഷ്ട്രീയത്തിലും തന്റേതായ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു. സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Read More: IFFK 2019: ഫെർണാണ്ടോ സൊളനസ്: ജീവിതവും സിനിമയും

മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിരോധവും ക്യപ്പിറ്റലിസ്റ്റ് ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന വ്യക്തമായ രാഷ്ട്രീയമാണ് സൊളാനസ്സിന്റെ സിനിമകളുടെ പ്രത്യേകത. ഇടതുപക്ഷ അനുഭാവം കാണിക്കുന്ന ഈ ചലച്ചിത്രങ്ങൾ നവ ലിബറൽ നിയോ കൊളോണിയൽ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു.‌

‘The Hour of the Furnaces’ പോലുള്ള ഡോക്യുമെന്ററികൾ ലാറ്റിനമേരിക്കൻ അധികാര കേന്ദ്രങ്ങളുടെ ചൂഷണ സാധ്യതകളെ തുറന്നു കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പലതിനും ഈ ആക്ടിവിസ്റ്റ് സ്വഭാവം ഉള്ളതിനാൽ അവ ആസ്വാദനം എന്നതലത്തിനും അപ്പുറം തൻ്റെ തന്നെ രാഷ്ട്രീയ പോരാട്ടങ്ങളുടെ മാധ്യമമായി മാറുന്നുണ്ട്.

സോളനാസിന്റെ ചലച്ചിത്രനിർമ്മാണ രീതികൾ വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയം എക്കാലവും ഇടതു ചേരിയിൽ തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ അർജന്റീനിയൻ ചരിത്രത്തിന്റെ പുനരവലോകനമാണ് സോളനാസിന്റെ സിനിമകൾ. പ്രത്യേകിച്ചും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെയും കൃഷിക്കാരെയും പരാമർശിക്കുകയും അവരുടെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ നയിച്ച യൂറോപ്യൻ സംസ്കാരത്തോടുള്ള പരമ്പരാഗത താൽപ്പര്യത്തിന് വിരുദ്ധമായി ഒരു ജനകീയത അതിനു കിട്ടി. തൊഴിലാളിവർഗത്തിനിടയിലെ അദ്ദേഹത്തിന്റെ ജനപ്രീതി കൂടിക്കൊണ്ടേയിരുന്നു.

തന്റെ നീണ്ട കരിയറിൽ സോളനാസ് വ്യത്യസ്ത മായ രണ്ട് ഫിലിം മേക്കിംഗ് രീതികൾ അവലംബിച്ചിട്ടുണ്ട്. തീവ്രവാദവും മിതവാദവും ഒരുപോലെ ഇഴ ചേർന്നിരിക്കുന്ന അവയില്‍ പാരമ്പര്യത്തെ വെല്ലുവിളിക്കുക, ചൂഷകന്മാരെ പ്രതിരോധിക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യങ്ങൾ. തീവ്രവാദ ഡോക്യുമെന്ററിയായ ‘à la Pino’ ഒരു ഉദാഹരണമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook