Kalidasan Jayaram Starrer ‘Argentina Fans Kaattoorkadavu’ Movie Review: കാല്‍പ്പന്ത് കളിയുടെ ആവേശം സിരകളില്‍ നിറയ്ക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ മുൻപും ഇറങ്ങിയിട്ടുണ്ട്. ഫുട്‌ബോൾ കളിയോടുളള സ്‌നേഹം തന്നെയാണ് ആ ചിത്രങ്ങളോടും മലയാളികള്‍ക്കുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ക്യാപ്റ്റന്‍’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നിവയുടെ വിജയം അതിന് തെളിവായിരുന്നു. ആ ശ്രേണിയിലേക്കാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എത്തിയിരിക്കുന്നത്. ‘ആട് 2’ എന്ന ചിത്രത്തിലൂടെ തിയേറ്ററുകളില്‍ ഉത്സവപ്പറമ്പിന്റെ പ്രതീതി തീര്‍ത്ത സംവിധായകന്റെ പുതിയ ചിത്രം, തൊട്ടതെല്ലാം പൊന്നാക്കിയ ഐശ്വര്യ ലക്ഷ്മി നായിക, നായകനായി എത്തുന്നത് കാളിദാസ് ജയറാം, കരിക്ക് ഫെയിം അനു എന്നിങ്ങനെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിനെ കുറിച്ച് പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഘടകങ്ങൾ നിരവധിയാണ്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ഇത് ഫാന്‍സിന്റെ, ആരാധകരുടെ കഥ തന്നെയാണ്. അര്‍ജന്റീന ഫാന്‍സിനെ കുറിച്ച് മാത്രമല്ല, മുഴുവന്‍ ഫുട്‌ബോള്‍ ഫാന്‍സിനെ കുറിച്ചാണ് ചിത്രം പറയുന്നത്. കാട്ടൂര്‍ക്കടവുകാരന്‍ ചന്ദ്രമോഹന്‍ പാതിരാത്രിയില്‍ കൊളംബിയന്‍ ഫുട്‌ബോള്‍ താരം ആന്ദ്രേ എസ്‌കോബാറിന് ഒപ്പീസ് ചൊല്ലിക്കാന്‍ തൃശൂരിലെ ഒരു വൈദികനെ കാണാന്‍ എത്തുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. ചന്ദ്രമോഹന്റെ മാത്രമല്ല, കാട്ടൂര്‍ക്കടവുകാരുടെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമത്തെ കുറിച്ചുള്ള കഥയാണ് അവിടെ ആരംഭിക്കുന്നത്.
ചന്ദ്രമോഹന്റെ മകന്‍ വിപിനനും(കാളിദാസ്) അതേ ഗ്രാമത്തിലെ ഖാദറുകുട്ടിയുടെ മകള്‍ മെഹറും(ഐശ്വര്യ) ബാല്യകാല സുഹൃത്തുക്കളാണ്. വിപിനന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മെഹര്‍. ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെടുന്ന വിപിനന് പിന്നീടുള്ള കൂട്ട് മെഹറും, അച്ഛന്റെ ആരാധനാ പാത്രമായ എസ്‌കോബാറിന്റെ ഒരു ചിത്രവും അര്‍ജന്റീന ആരാധകരായ സുഹൃത്തുക്കളുമാണ്. മെഹറിന്റെയും വിപിനന്റെയും ബാല്യത്തിലൂടെയും സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നതെങ്കിലും ഇതെല്ലാം ചെന്നെത്തുന്നത് ഫുട്‌ബോള്‍ ആവേശത്തിലാണ്.
അര്‍ജന്റീന ഫാന്‍സും ബ്രസീല്‍ ഫാന്‍സുമാണ് സ്ഥലത്തെ പ്രധാന ഫാന്‍സ് ക്ലബ്ബുകള്‍. ഇവര്‍ തമ്മിലുള്ള വാക്കേറ്റങ്ങളിലൂടെയും ചെറിയ അടിപിടികളിലൂടെയുമാണ് കഥ വളരുന്നത്. ലോകകപ്പ് കാലത്തെ ഫ്‌ളക്‌സ് വയ്ക്കാനുള്ള മത്സരം, രാത്രി ക്ലബ്ബുകളില്‍ വന്നിരുന്ന് ഒരുമിച്ചുള്ള കളികാണല്‍, എതിര്‍ ടീം തോല്‍ക്കുമ്പോഴുള്ള ആഹ്‌ളാദാരവങ്ങള്‍, ഇതിനിടയില്‍ വിപിനന് മെഹറിനോടുള്ള നിഷ്‌കളങ്കമായ പ്രണയം. ഒരു ഗ്രാമപ്രദേശത്തു കാണുന്ന കാഴ്ചകള്‍ തന്നെയാണ് ഈ ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നത്.
‘ആട് 2’നു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രതീക്ഷകള്‍ കൂടുതല്‍ തന്നെയായിരിക്കും പ്രേക്ഷകര്‍ക്ക്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണയവും സൗഹൃദവും ഫുട്‌ബോളും ഇടകലരുമ്പോഴും തിരക്കഥയില്‍ പലപ്പോഴും അല്പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതിയില്‍. കാല്‍പ്പന്തു ചരിത്രത്തിലെ കണ്ണീരുണങ്ങാത്ത മുറിവായ ആന്ദ്രെ എസ്‌കോബാറും ഫുട്‌ബോള്‍ മിശിഹാ ‘മെസ്സി’യും ഇടയ്ക്ക് കഥാഗതിയെ തിരിച്ചു വിടുന്നുണ്ട്.
കാളിദാസിന്റേയും ഐശ്വര്യയുടേയും ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ ചിത്രം കാണിക്കുന്നുണ്ട്. സ്‌കൂള്‍ കാലം, കോളേജ് കാലം, യൗവ്വനം. മൂന്ന് ഗെറ്റപ്പിലേക്കും കാളിദാസിനെ മാറ്റിയെടുക്കാന്‍ സാധിച്ചെങ്കിലും ഐശ്വര്യയുടെ കാര്യത്തില്‍ അല്‍പ്പം വീഴ്ച സംഭവിച്ചോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. സ്‌കൂള്‍ കാലത്ത് കാണുന്ന ഐശ്വര്യയെ തന്നെയാണ് ക്ലൈമാക്‌സ് വരേയും പ്രേക്ഷകര്‍ കാണുന്നത്. എങ്കിലും തുടക്കം മുതലേ പക്വമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. അതേസമയം കാളിദാസ്-ഐശ്വര്യ കെമിസ്ട്രി എത്രത്തോളം വര്‍ക്ക് ഔട്ട് ആയി എന്ന് പ്രേക്ഷകര്‍ കണ്ടു തീരുമാനിക്കട്ടെ.
എടുത്തു പറയേണ്ട പ്രകടനം വിപിനന്റെ സുഹൃത്തായി എത്തുന്ന സുനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനീഷ് ഗോപാലിന്റേതാണ്. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ ഓരോ ഘട്ടത്തിലും വളരെ മികച്ച അഭിനയമാണ് അനീഷ് കാഴ്ച വയ്ക്കുന്നത്. സെക്കന്‍ഡ് ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനീഷിന് ഈ ചിത്രം ഒരു വഴിത്തിരിവാകും എന്നു പ്രതീക്ഷിക്കാം. യൂടൂബ് വെബ്‌സീരീസിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായ അനു കെ.അനിയനും അര്‍ജുനും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി.
ഇന്ന് മലയാള സിനിമാ ഗാനരചനയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബി.കെ ഹരിനാരായണനും ഗോപി സുന്ദറുമാണ് അര്‍ജന്റീനയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കഥാസന്ദര്‍ഭത്തോട് ചേര്‍ന്നു പോകുന്നതു തന്നെയായിരുന്നു പാട്ടുകളും ദൃശ്യങ്ങളും.
പറയത്തക്ക പുതുമകളോ ട്വിസ്‌റ്റോ ഇല്ലാത്ത, പ്രതീക്ഷിക്കാവുന്ന ക്ലൈമാക്‌സുള്ള ഒരു ചിത്രം തന്നെയാണെങ്കിലും, അവധിക്കാലം അല്‍പ്പം ചിരിച്ച് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന് ടിക്കറ്റ് എടുക്കാം.