കാളിദാസ് ജയറാമും ഐശ്വര്യലക്ഷ്മിയും കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’. മിഥുൻ മാനുവൽ തോമസ്‌ ആണ് ചിത്രത്തിന്റെ സംവിധായകൻ. കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ‌് ചിത്രം പറയുന്നത‌്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ‘ആട്’, ‘ആന്‍മേരി കലിപ്പിലാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ ഒരുക്കുന്ന ചിത്രമാണ് ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’.

‘വരത്തൻ’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന ചിത്രമാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’. ഇതാദ്യമായാണ് കാളിദാസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരായി എത്തുന്നത്. ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’യായിരുന്നു ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ കാളിദാസ് ചിത്രം. ചിത്രത്തിലെ ഗാനങ്ങൾ അണിയറക്കാർ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.

‘മേൽവിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. തൃശൂർ റൗണ്ടിൽ കപ്പലണ്ടിക്കച്ചവടം നടത്തുന്ന ചെസ് പ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്. തൃശൂർ നഗരപശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിലൂടെ ഗിന്നസ് പക്രു വീണ്ടും കേന്ദ്രകഥാപാത്രമായി എത്തുകയാണ്. ഗിന്നസ് പക്രുവിനെ കൂടാതെ വേറിട്ട് ഗെറ്റപ്പിൽ ഗണപതി എന്ന കഥാപാത്രമായി ഹരിശ്രീ അശോകനും ചിത്രത്തിലുണ്ട്. മാധ്യമ പ്രവർത്തകനായ സുധീപ് ടി ജോർജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രൻസ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, കവിത നായർ, ദീപക് പറമ്പോൾ, തമ്പി ആന്റണി, അരുൺ എന്നിവരും എന്നിവരും ചിത്രത്തിലുണ്ട്. പാപ്പിനു ഛായാഗ്രഹണവും ശ്രീനിവാസ് കൃഷ്ണ എഡിറ്റിംഗും രതീഷ് വേഗ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

Read more: ‘ഇളയരാജ’യിലെ നായകനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ; മെയ്ക്ക് ഓവറിന് കയ്യടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook