തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുന്റെ കരിയറില്‍ ഏറ്റവും വലിയ പരാജയമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാ പേരു സൂര്യ’ എന്ന് റിപ്പോര്‍ട്ട്. ടോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് വംശി ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.

വലിയ ആഘോഷത്തോടെയായിരുന്നു ആദ്യ ദിനങ്ങളിൽ ചിത്രം സ്വീകരിക്കപ്പെട്ടത്. മെയ് നാലിനാണ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും റിലീസ് ചെയ്തത്. തുടക്കത്തില്‍ നല്ല കളക്ഷന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വളരെ താഴേയ്ക്കു പോകുകയായിരുന്നു. മിക്ക തീയേറ്ററുകളില്‍ നിന്നും സിനിമ പുറത്തായി. ചിത്രത്തിന്റെ കളക്ഷനിലുണ്ടായ തിരിച്ചടി താരത്തേയും സംവിധായകനേയും നിരാശപ്പെടുത്തിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശ വിപണയിലും അല്ലു അര്‍ജുന്‍ ചിത്രം നേരിട്ട ഏറ്റവും വലിയ പരാജയമാണിത്. പരാജയഭീതിയില്‍ ചിത്രം ഏറ്റെടുക്കാന്‍ വിതരണക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് വിവരം.

അല്ലു അര്‍ജുന്‍ കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക അനു ഇമ്മാനുവലാണ്. അര്‍ജുന്‍ സര്‍ജ, ആര്‍.ശരത്കുമാര്‍, വെണ്ണേല, കിഷോര്‍, റാവു രമേഷ്, താക്കൂര്‍ അനൂപ് സിങ്, ബൊമന്‍ ഇറാനി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ സിരിഷ ലഗദാപതി, ശ്രീധര്‍ ലഗദാപതി, ബണ്ണി വാസു, കെ.നാഗേന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ